കമൽഹാസൻ-ലോകേഷ് കനകരാജ് ടീം ആദ്യമായി ഒന്നിക്കുന്ന വിക്രം വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് ആഴ്ചകൾ മുൻപാണ് ചിത്രത്തിൽ സൂപ്പർതാരം സൂര്യ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പരന്നത്. റിലീസ് വരെ രഹസ്യമാക്കാൻ ഉദ്ദേശിച്ച ഈ സർപ്രൈസ് ഒടുവിൽ സംവിധായകന് തന്നെ പുറത്തു വിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സൂര്യയുടെ ക്യാരക്റ്റർ പോസ്റ്റർ കൂടി പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
പോസ്റ്ററിൽ കഥാപാത്രത്തിന്റെ പേരിന്റെ സ്ഥാനത്ത് ചോദ്യചിഹ്നമാണ് ഇട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഭാഗമായതിന് സൂര്യയോട് നന്ദിയും പറയുന്നുണ്ട് ലോകേഷ്. അവസാന ഭാഗത്ത് കേവലം അഞ്ച് മിനിറ്റോളം പ്രത്യേക്ഷപ്പെടുന്ന വേഷമാണെങ്കിലും ചിത്രത്തിന്റെ അടുത്ത ഭാഗങ്ങളിലേക്ക് സൂചന നൽകുന്ന മുഖ്യ കഥാപാത്രമാണ് സുര്യയുടേതെന്ന് റിപ്പോർട്ടുകളുണ്ട്.
Thank you soo much @Suriya_offl sir ✨for this ?#VikramFromJune3 pic.twitter.com/brKJBe5n3G
— Lokesh Kanagaraj (@Dir_Lokesh) June 1, 2022
നേരത്തേ ചിത്രത്തിലെ ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവരുടെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്തുവിട്ടിരുന്നു. അമർ, സന്താനം എന്നീ കഥാപാത്രങ്ങളായാണ് യഥാക്രമം ഇവരെ അവതരിപ്പിച്ചിരിക്കുന്നത്. കാളിദാസ് ജയറാം, നരേൻ, ചെമ്പൻ വിനോദ് ജോസ്, അർജുൻ ദാസ്, ഹരീഷ് പേരാടി തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.
സാറ്റലൈറ്റിലും ഒടിടിയിലുമായി വ്യത്യസ്ത ഭാഷകളിൽ ചിത്രത്തിന്റെ അവകാശം 200 കോടിയിലധികം രൂപയ്ക്കാണ് വിറ്റുപോയത്. ലോകേഷും രത്നകുമാറും ചേർന്നാണ് സംഭാഷണങ്ങൾ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദർ. അൻപറിവാണ് സംഘട്ടനങ്ങൾ ഒരുക്കിയത്.
Read Also: കെകെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നൽകി ബംഗാൾ സർക്കാർ