തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ മുൻ എംഎൽഎ പിസി ജോർജിന് തിരുവനന്തപുരം ഫോർട്ട് പോലീസ് വീണ്ടും നോട്ടീസ് നൽകും. പിസി ജോർജ് തിങ്കളാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകണം. ജാമ്യ ഉപാധികൾ ലംഘിച്ചത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് നിലവിലെ പോലീസിന്റെ തീരുമാനം.
കേസിൽ ചോദ്യം ചെയ്യലിനായി ഞായറാഴ്‌ച രാവിലെ 11ന് തിരുവനന്തപുരം ഫോര്‍ട്ട് അസിസ്‌റ്റന്റ് കമ്മിഷണർ ഓഫിസില്‍ ഹാജരാകണമെന്ന് നേരത്തെ പിസി ജോർജിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ആരോഗ്യ പ്രശ്‌നങ്ങളും രാഷ്‌ട്രീയ പ്രവർത്തകൻ എന്ന നിലയിലെ ഉത്തരവാദിത്തവും ചൂണ്ടിക്കാട്ടി പിസി ജോർജ് ചോദ്യം ചെയ്യലിന് ഹാജരായില്ല.
അതിന് പിന്നാലെ തൃക്കാക്കരയിൽ തിരഞ്ഞെടുപ്പ് പോകുകയും ചെയ്‌തു. തൃക്കാക്കരയിൽ താൻ പ്രചാരണത്തിന് പോവുകയാണെന്നും കൊച്ചിയിൽ പോയി ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്കു എത്താനാവില്ലെന്നും പിസി ജോർജ് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലിനു ഹാജരാകാതെ തൃക്കാക്കരയിൽ പ്രചാരണത്തിന് പോയത് ജാമ്യ ഉപാധികളുടെ ലംഘനമാണെന്നാണ് പോലീസിന്റെ വിശദീകരണം.
ആരോഗ്യ പരിശോധനക്ക് വേണ്ടി ഡോക്‌ടറെ കാണാൻ ഉണ്ടെന്നും അതിനാൽ ഞായാറാഴ്‌ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പോലീസ് ആവശ്യപ്പെടുന്ന മുറയ്‌ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി.
Most Read: രണ്ടാം ഡോസിനോട് വിമുഖത; സംസ്‌ഥാനത്ത് വാക്‌സിൻ സ്വീകരിക്കാതെ 36 ലക്ഷം പേർ








































