കൊച്ചി: വിവാഹ വാഗ്‌ദാനത്തില്‍ നിന്ന് കാമുകന്‍ പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്‌മഹത്യ ചെയ്‌ത കേസില്‍ സീരിയല്‍ താരം ലക്ഷ്‌മി പി. പ്രമോദിനും ഭര്‍ത്താവ് വടക്കേവിള സ്വദേശി അസറുദ്ദിനും ഹൈക്കോടതിയുടെ നോട്ടീസ്.
ഇരുവര്‍ക്കും നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഒക്‌ടോബര്‍ 10ലെ കൊല്ലം സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് നോട്ടീസ് പുറപ്പെടുവിച്ചത്.ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്‌ഥന്‍ മുന്‍പാകെ ഹാജരാകണമെന്ന മുന്‍കൂര്‍ ജാമ്യത്തിലെ വ്യവസ്‌ഥ മരവിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്.
7 വര്‍ഷത്തോളം പ്രണയിച്ച ശേഷം വിവാഹത്തില്‍ നിന്ന് അസറുദ്ദിന്റെ സഹോദരന്‍ ഹാരിസ് പിന്‍മാറിയ മനോവിഷമത്തിലാണ് സെപ്റ്റംബര്‍ മൂന്നിന് കൊട്ടിയം സ്വദേശിനി റംസി ആത്‌മഹത്യ ചെയ്‌തത്. ഇരുവരുടെയും വിവാഹനിശ്‌ചയവും കഴിഞ്ഞിരുന്നു. സെപ്റ്റംബര്‍ 7ന് അറസ്‌റ്റിലായ കേസിലെ ഒന്നാം പ്രതി ഹാരിസ് ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണുള്ളത്.
റംസിയെ ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രം നടത്തിക്കുകയും അതിനായി കൂട്ടികൊണ്ടുപോകുകയും ചെയ്‌തത് ലക്ഷ്‌മിയും ഹാരിസുമാണെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ റംസിയെ ഇവര്‍ പ്രേരിപ്പിച്ചുവെന്നും ഹരജിയില്‍ പറയുന്നുണ്ട്. ഗുരുതരമായ ഇത്തരം ആരോപണങ്ങളൊന്നും പരിഗണിക്കാതെയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. പ്രതികളെ കസ്‌റ്റഡിയില്‍ എടുക്കാനാവാത്ത പക്ഷം കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയുണ്ടെന്നും സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നു.
Read also: ഹത്രസ് കേസ്; ഫോറന്‍സിക് റിപ്പോര്‍ട്ട് ചോദ്യം ചെയ്‌ത ഡോക്‌ടർക്കെതിരെ നടപടി







































