ന്യൂഡെല്‍ഹി : ഹത്രസില്‍ പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായി മരിച്ച കേസില്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിനെതിരെ രംഗത്ത് വന്ന ഡോക്‌ടർക്കെതിരെ നടപടി സ്വീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. അലിഗഢ് മെഡിക്കല്‍ കോളേജിലെ ഇടക്കാല ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അസീം മാലിക്കിനെ ആണ് ജോലിയില്‍ നിന്നും പുറത്താക്കിയത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത് അലിഗഢ് മെഡിക്കല്‍ കോളേജിലായിരുന്നു. പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്നും സാംപിള്‍ ശേഖരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്ന് ഡോക്‌ടർ വെളിപ്പെടുത്തിയിരുന്നു.
ഈ മാസം 16 ആം തീയതി ഡോ. അസീം മാലിക്കിനെ സൂപ്രണ്ട് സ്‌ഥാനത്ത് നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഇനി മുതല്‍ ആശുപത്രിയില്‍ ജോലിയില്‍ തുടരേണ്ട എന്ന് കാണിച്ച് അദ്ദേഹത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ അവധിക്ക് പകരമുള്ള ഒഴിവ് ഇല്ലാതായതാണ് നടപടി എടുത്തതിന് കാരണമെന്ന് ആശുപത്രി അധികൃതര്‍ വിശദീകരിച്ചു.
ഹത്രസ് കേസിലെ പ്രതികളില്‍ ഒരാള്‍ക്ക് പ്രായ പൂര്‍ത്തി ആയിട്ടില്ലെന്ന് വ്യക്‌തമാക്കി സിബിഐയും രംഗത്ത് എത്തിയിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുമ്പോള്‍ പ്രതിക്ക് പ്രായം 17 വയസും 9 മാസവും ആണെന്ന് സിബിഐ വ്യക്‌തമാക്കി. കേസില്‍ നിലവില്‍ ഇയാള്‍ ഉള്‍പ്പടെ നാല് പേരെയാണ് സിബിഐ പ്രതി ചേര്‍ത്തിരിക്കുന്നത്.
Read also : വിവാദം കാരണം വിൽപ്പന കൂടി; തനിഷ്‌ക് പരസ്യനിർമാതാക്കൾ