ഹത്രസ്: കുടുംബത്തിന് നൽകിയ വാഗ്‍ദാനങ്ങൾ പാലിക്കണം; ചന്ദ്രശേഖർ ആസാദ്

By Syndicated , Malabar News
Chandrashekhar_Azad
Ajwa Travels

ലഖ്‌നൗ: ഹത്രസില്‍ കൂട്ട ബലാൽസംഗത്തിന് ഇരായായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് നല്‍കിയ വാഗ്‌ദാനങ്ങൾ ഉടൻ പാലിക്കണമെന്ന് യുപി മുഖ്യമന്ത്രിയോട് ചന്ദ്രശേഖര്‍ ആസാദ്. വാഗ്‌ദാനങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സമാജ് വാദി പാര്‍ട്ടി ദേശീയ പ്രസിഡണ്ട് വ്യക്‌തമാക്കി.

കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന് ജോലിയും പാര്‍പ്പിടവും ഉള്‍പ്പെടെയുള്ള സാമ്പത്തിക സഹായം നല്‍കുമെന്ന് ആദിത്യനാഥ് ഒരു വര്‍ഷം മുമ്പ് വാഗ്‌ദാനം നല്‍കിയിരുന്നു എന്ന് ആസാദ് പറഞ്ഞു. സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ 10 ദിവസത്തിന് ശേഷം തങ്ങള്‍ അലിഗഡ് ഡിവിഷണല്‍ കമ്മീഷണര്‍ ഓഫീസില്‍ അനിശ്ചിതകാല ധര്‍ണ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം പെൺകുട്ടിയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു ചന്ദ്രശേഖർ അസാദിന്റെ പ്രതികരണം.

അതേസമയം ഗ്രാമത്തിൽ പെൺകുട്ടിയുടെ കുടുംബം കടുത്ത വിവേചനം അനുഭവിക്കുന്നുവെന്ന് റിപ്പോർട് പുറത്തുവന്നിരുന്നു. രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ സംഭവം നടന്ന് ഒരു വർഷത്തിനിപ്പുറവും പ്രതികൾ ഉൾപ്പെടുന്ന സവർണ സമുദായങ്ങളിൽ നിന്ന് കുടുംബത്തിന് ഭീഷണിയുണ്ടെന്നാണ് റിപ്പോർട്. ഈ സാഹചര്യത്തിൽ ദളിത് കുടുംബത്തിന്റെ വീടിന് ചുറ്റും സിസിടിവി സ്‌ഥാപിച്ചിട്ടുണ്ട്. 35 സിആർപിഎഫ്‌ ഉദ്യോഗസ്‌ഥരുടെ സംരക്ഷണയിലാണ് പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ കഴിയുന്നത്.

2020 സെപ്‌റ്റംബർ 14നാണ് 19കാരിയായ ദളിത് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായത്. വയലിൽ ഗുരുതരമായി പരിക്കേറ്റ് കിടന്ന പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്ന് ദിവസത്തിന് ശേഷം പെൺകുട്ടി മരണത്തിന് കീഴടങ്ങി. മരിച്ച അന്ന് തന്നെ യുപി പോലീസ് പെൺകുട്ടിയുടെ മൃതദേഹം ഹത്രസിൽ എത്തിച്ച് പുലർച്ചെ 3.30ഓടെ ദഹിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു പോലീസ് നടപടി.

കേസിൽ സന്ദീപ് (20), രവി (35), ലവ് കുഷ് (23), രാമു (26) എന്നീ നാലുപേരാണ് അറസ്‌റ്റിലായത്‌. പെൺകുട്ടിയുടെ മരണശേഷം രണ്ട് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. അലഹബാദ് ഹൈക്കോടതിയും ഹത്രസിലെ എസ്‌സി/ എസ്‌ടി കോടതിയുമാണ് വിചാരണ നടത്തുന്നത്. പെൺകുട്ടിയുടെ മൃതദേഹം പരിശോധനയ്‌ക്ക് മുമ്പ് നിർബന്ധിച്ച് ദഹിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അലഹബാദ് ഹൈക്കോടതിയിൽ ഇതുവരെ റിപ്പോർട് നൽകിയിട്ടില്ല. എസ്‌സി/ എസ്‌ടി കോടതിയാണ് ബലാൽസംഗ- കൊലപാതക കേസ് പരിഗണിക്കുന്നത്.

Read also: മോദിക്കും യോഗിക്കുമെതിരെ വീഡിയോ; രണ്ടുപേർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE