ന്യൂഡെൽഹി: പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികളും ഒരു പുരുഷനും ചേർന്ന് കുട്ടിയെ കൂട്ടബലാൽസംഗം ചെയ്‌തെന്നും ഒരു സ്‌ത്രീയാണ് കുട്ടിയെ എത്തിച്ച് നൽകിയതെന്നും പോലീസ് പറഞ്ഞു. ജനുവരി ഒന്നിനാണ് സംഭവം. ഓൾഡ് ഡെൽഹിയിലെ സദർ ബസാറിലെ ഛത്തീസ്‌ഗഢ് സ്വദേശിയായ ചായക്കട നടത്തുന്ന സുരേഷ് കുമാർ എന്നയാളാണ് കേസിലെ മുഖ്യപ്രതി.
ഇതേ കടയിലെ തൊഴിലാളികളാണ് 12, 14, 15 വയസ് പ്രായമുള്ള മൂന്ന് ആൺകുട്ടികളെന്നു വാർത്തകൾ പറയുന്നു. കടയിലെ സ്‌ഥിരം സന്ദർശകയാണ് അറസ്‌റ്റിലായ ബ്യൂട്ടി എന്ന സ്‌ത്രീ. പുതുവൽസരം ആഘോഷിക്കാൻ ഒരു പെൺകുട്ടിയെ ഏർപ്പാടാക്കാൻ ചായക്കട ഉടമ, പ്രാദേശത്തെ ശുചീകരണ തൊഴിലാളി കൂടിയായ ബ്യൂട്ടിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് പ്രതികൾ രാത്രി തങ്ങാൻ വേണ്ടി പ്രദേശത്തെ അടച്ചിട്ട കെട്ടിടത്തിനുള്ളിൽ പ്ളാസ്‌റ്റിക് ടാർപോളിൻ ഉപയോഗിച്ച് താൽക്കാലിക ഷെൽട്ടർ നിർമിച്ചു.
അടുത്ത ദിവസം യുവതി 12 വയസുകാരിയെ കണ്ടുമുട്ടി. ആക്രി പെറുക്കിയാണ് പെൺകുട്ടി ജീവിച്ചിരുന്നത്. ഖുർഷിദ് മാർക്കറ്റിലുള്ള ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ നിന്ന് മാലിന്യം ശേഖരിക്കാനുണ്ടെന്നും, പണം നൽകാമെന്നും പറഞ്ഞ് സ്‌ത്രീ പെൺകുട്ടിയെ സമീപിച്ചു. തുടർന്ന് കുട്ടിയെ താൽക്കാലിക ഷെൽട്ടറിലെത്തിച്ച് പ്രതികൾ പീഡിപ്പിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തതായാണ് റിപ്പോർട്.
നോർത്ത് വെസ്‌റ്റ് ഡെൽഹിയിലെ വീട്ടിൽ മടങ്ങിയ പെൺകുട്ടി രണ്ട് ദിവസം ആരോടും ഒന്നും പറഞ്ഞില്ല. ജനുവരി അഞ്ചിന് സദർ ബസാറിൽ മാലിന്യം ശേഖരിക്കാൻ മടങ്ങിയെത്തിയപ്പോൾ പരിസരത്ത് താമസിക്കുന്ന ബന്ധുവിനോടാണ് കുട്ടി പീഡന വിവരം പറയുന്നത്. ബന്ധു മാതാപിതാക്കളെ വിവരമറിയിക്കുകയും വീട്ടുകാർ പോലീസിനെ സമീപിക്കുകയുമായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോലീസ് മണിക്കൂറുകൾക്കകം നടപടിയെടുക്കുകയും യുവതി ഉൾപ്പെടെ അഞ്ച് പ്രതികളെയും കസ്‌റ്റഡിയിലെടുക്കുകയും ചെയ്‌തു.
KAUTHUKA VARTHAKAL | വസ്‌ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു!