വീട്ടിനകത്ത് കിടക്കുന്ന വസ്‌ത്രങ്ങളും പേപ്പറുകളും തനിയെ കത്തുന്നു. ആര്യനാട് ഇറവൂർ കിഴക്കേക്കര സജി ഭവനിൽ ഡി സത്യന്റെ വീട്ടിലാണ് ഈ അത്യപൂർവ സംഭവം നടക്കുന്നത്. ഭീതിയിലായ വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറിയിരിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണമറിയാതെ നാട്ടുകാരും വീട്ടുകാരും ഒരേപോലെ ആശങ്കയിലുമാണ്.
ഈ മാസം 15ന് രാത്രി ഒമ്പത് മണിമുതലാണ് സംഭവം ആരംഭിച്ചതെന്ന് ഗൃഹനാഥൻ സത്യൻ പറയുന്നു. റൂമിനകത്തെ അലമാരയിലും സമീപത്തെ സ്‌റ്റാൻഡിലും ഇട്ടിരുന്ന വസ്‌ത്രങ്ങളിലാണ് ആദ്യം തീ കത്തിയത്. പുക വന്നതിന് പിന്നാലെ വസ്‌ത്രങ്ങൾ കത്തുകയായിരുന്നു. എന്നാൽ, വസ്‌ത്രങ്ങൾ വീടിന് പുറത്തിടുമ്പോൾ കുഴപ്പമില്ലെന്നും സത്യൻ പറയുന്നു. അടുത്ത ദിവസവും ഇത് തുടർന്നതോടെ പഞ്ചായത്തംഗം ഐത്തി അശോകനെ വിവരമറിയിച്ചു.
ഇതിനിടെ ഷോർട്ട് സർക്യൂട്ട് ആകാമെന്ന് കരുതി ഇലക്‌ട്രീഷ്യനെ കണ്ടെന്നും വീട്ടുകാർ പറയുന്നു. പരിശോധനയിൽ വയറിങ്ങിൽ തകരാർ ഉള്ളതായി കണ്ടില്ല. പഞ്ചായത്തംഗം വീട്ടിൽ വന്ന സമയത്തും വസ്‌ത്രങ്ങൾ അഗ്‌നിക്കിരയായി. ആര്യനാട് പോലീസിന് പിന്നാലെ ഇലക്‌ട്രിസിറ്റി ജീവനക്കാരും പഞ്ചായത്ത് പ്രസിഡണ്ടും വീട്ടിലെത്തി. ഈ സമയം തീപിടിത്തം ഉണ്ടായില്ല. അടുത്ത ദിവസം രാവിലെ പഞ്ചായത്ത് അംഗം വീട്ടുകാരോട് തീപ്പെട്ടി, ലൈറ്റർ പോലുള്ള സാധനങ്ങൾ ഒളിപ്പിച്ചു വെയ്‌ക്കാൻ നിർദ്ദേശിച്ചു.
തുടർന്ന് പിറ്റേ ദിവസം പ്രശ്‌നമുണ്ടായില്ല. എന്നാൽ, തൊട്ടടുത്ത ദിവസം വീണ്ടും തീപിടിത്തം ഉണ്ടായി. വ്യാഴാഴ്‌ച വൈകിട്ട് വീട്ടിൽ നടന്ന പ്രാർഥനക്കിടയിലും തീപിടിത്തമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്‌ച പഞ്ചായത്തിലും ആര്യനാട് പോലീസ് സ്‌റ്റേഷനിലും വീട്ടുകാർ പരാതി നൽകി. അന്ന് വൈകിട്ട് അടുക്കളയിൽ ഉണ്ടായിരുന്ന പേപ്പറുകൾക്കും പ്‌ളാസ്‌റ്റിക് ചാക്കുകൾക്കും തീപിടിച്ചതായും വീട്ടുകാർ പറയുന്നു.
ഇതോടെ പരിഭ്രാന്തരായ വീട്ടുകാർ ബന്ധുവീട്ടിലേക്ക് താമസം മാറുകയായിരുന്നു. എന്നാൽ, വീട് മാറിയതിന് ശേഷം തീപിടിത്തം ഉണ്ടായിട്ടില്ലെന്നും വീട്ടുകാർ പറയുന്നു. സത്യനും ഭാര്യ സലീനയും മകനും ചെറുമക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്. സംഭവം എന്തെന്ന് അറിയാതെ പകച്ചു നിൽക്കുകയാണ് വീട്ടുകാരും നാട്ടുകാരും.
Most Read| വൈശാഖ്-മമ്മൂട്ടി കോമ്പോ വീണ്ടും; ‘ടർബോ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു