മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘ടർബോ’ എന്നാണ് ചിത്രത്തിന്റെ പേര്. കണ്ണൂർ സ്‌ക്വാഡിന് ശേഷം പുത്തൻ ഗെറ്റപ്പുമായി മമ്മൂട്ടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ് ടർബോയിലൂടെ. മുഷ്‌ടി ചുരുട്ടി പിടിച്ചു ഇടിക്കുന്ന ലുക്കിലുള്ള കൈ ആണ് ടൈറ്റിൽ പോസ്‌റ്ററിലുള്ളത്. ആക്ഷൻ രംഗങ്ങൾക്ക് പ്രാധാന്യമുള്ള സിനിമയാണ് ‘ടർബോ’ എന്നാണ് വിലയിരുത്തൽ.
മധുരരാജക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ടർബോ എന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. മലയാളത്തിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ വൈശാഖും ‘അഞ്ചാം പാതിര’ എന്ന സൂപ്പർ ഹിറ്റ് ചിത്രം തിരക്കഥ ഒരുക്കി സംവിധാനം ചെയ്‌ത മിഥുനും മമ്മൂട്ടിയും ചേരുമ്പോൾ വമ്പൻ പ്രോജക്‌ട് തന്നെയാണ് വരാൻ പോകുന്നതെന്ന് ഉറപ്പാണ്.
മമ്മൂട്ടി കമ്പനി നിർമിക്കുന്ന അഞ്ചാമത്തെ സിനിമ കൂടിയാണ് ടർബോ. കാതൽ, കണ്ണൂർ സ്‌ക്വാഡ്, നൻപകൽ നേരത്ത് മയക്കം, റോഷാക്ക് എന്നിവയായിരുന്നു മമ്മൂട്ടി കമ്പനിയുടെ മറ്റു ചിത്രങ്ങൾ. മമ്മൂട്ടി കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിക്കുന്ന ടർബോയിലെ മറ്റു അഭിനേതാക്കളുടെ പേരുകൾ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. സാങ്കേതിക വിദഗ്‌ധരുടെ പേരുകൾ മാത്രമാണ് വെളിപ്പെടുത്തിയിട്ടുള്ളത്. സിനിമയുടെ ഷൂട്ടിങ് ഇന്ന് ആരംഭിക്കും.
വിഷ്‌ണു ശർമയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ്- ഷമീർ മുഹമ്മദ്, സംഗീതം- ജസ്‌റ്റിൻ വർഗീസ്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവേൽ, കോ-ഡയറക്‌ടർ- ഷാജി പാദൂർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്, കോസ്റ്യൂം ഡിസൈനർ- സെൽവിൻ ജെ, അഭിജിത്, മേക്കപ്പ്- റഷീദ് അഹമ്മദ്, ജോർജ് സെബാസ്‌റ്റ്യൻ, പ്രൊഡക്ഷൻ കൺട്രോളർ- ആരോമ മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ- രാജേഷ് ആർ കൃഷ്‌ണൻ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.
അതേസമയം, കണ്ണൂർ സ്‌ക്വാഡ് ആണ് മമ്മൂട്ടിയുടേതായി ഏറ്റവുമൊടുവിൽ പുറത്തുവന്ന ചിത്രം. റോബി വർഗീസ് രാജ് സംവിധാനം ചെയ്‌ത ചിത്രം അഞ്ചാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. യഥാർഥ ജീവിതത്തെ ആസ്‌പദമാക്കി ഒരുക്കിയ ചിത്രത്തിൽ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. 100 കോടി ക്ളബിൽ ഇടംപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രമിപ്പോൾ.
Most Read| കർണാടകയിൽ ഹിജാബ് നിരോധനത്തിൽ ഇളവ്; മൽസര പരീക്ഷകൾക്ക് ധരിക്കാം