‘ഞങ്ങൾക്കിവിടെ ശ്വാസംമുട്ടുന്നു, വീടുകയറി ഭീഷണി’; ഹത്രസ് കുടുംബത്തിന്റെ ജീവിതം ഇങ്ങനെ

By News Desk, Malabar News
Hathras case
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബം അനുഭവിക്കുന്നത് കടുത്ത വിവേചനം. രാജ്യത്താകെ പ്രതിഷേധം ആളിക്കത്തിയ സംഭവം നടന്ന് ഒരു വർഷത്തിനിപ്പുറവും ഗ്രാമീണർ ഈ കുടുംബത്തിന് നേരെ ഭീഷണി മുഴക്കുന്നു. പ്രതികൾ ഉൾപ്പെടുന്ന സവർണ സമുദായങ്ങളിൽ നിന്നാണ് ഭീഷണി. ഈ സാഹചര്യത്തിൽ ദളിത് കുടുംബത്തിന്റെ വീടിന് ചുറ്റും സിസിടിവി സ്‌ഥാപിച്ചിട്ടുണ്ട്. 35 സിആർപിഎഫ്‌ ഉദ്യോഗസ്‌ഥരുടെ സംരക്ഷണയിലാണ് പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ കഴിയുന്നത്.

ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും പ്രതികളെ പിന്തുണയ്‌ക്കുന്നവരാണെന്ന് ഇവർ പറയുന്നു. പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തതിന് പിന്നാലെ തന്നെ ഇരയാ യ പെൺകുട്ടിയുടെ കുടുംബത്തെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ‘ഞങ്ങൾക്കിവിടെ ശ്വാസം മുട്ടുന്നു. ആരും ഞങ്ങളോട് സംസാരിക്കുന്നില്ല. കുറ്റവാളികളോടെന്ന പോലെയാണ് പലരുടെയും പെരുമാറ്റം. സിആർപിഎഫ്‌ പോകുന്ന നിമിഷം ആക്രമിക്കാൻ തയ്യാറായി നിൽക്കുകയാണ് ഗ്രാമീണർ. എനിക്ക് മൂന്ന് പെൺകുട്ടികളാണ്. അവരുടെ സുരക്ഷയിൽ ആശങ്കയുണ്ട്’- പെൺകുട്ടിയുടെ സഹോദരൻ പറയുന്നു. ഹത്രസ് സംഭവത്തിൽ പോലീസ് കേസെടുത്തതിന് പിന്നാലെ ഇദ്ദേഹത്തിന് ജോലി നഷ്‌ടപ്പെട്ടിരുന്നു. ഇപ്പോൾ വീട്ടിൽ തന്നെ കഴിയുകയാണ്.

പെൺകുട്ടിയുടെ പിതാവിന്റെ ജോലിയും കഴിഞ്ഞ വർഷം നഷ്‌ടമായിരുന്നു. ’70- 80 വർഷങ്ങൾക്ക് മുൻപാണ് ഈ വീട് പണിഞ്ഞത്. ഇവിടം വിട്ടുപോകുന്നത് അത്ര എളുപ്പമല്ല. ആളുകൾ ഞങ്ങളെ അംഗീകരിക്കണം. ഞങ്ങൾ എന്ത് തെറ്റാണ് ചെയ്‌തത്‌? അമ്പലത്തിലേക്കോ മാർക്കറ്റിലേക്കോ പോകാൻ പോലും ഞങ്ങൾക്കാവുന്നില്ല. കോടതി വിധി പെട്ടെന്ന് വരണമെന്ന പ്രാർഥനയിലാണ് ഇപ്പോൾ ഞങ്ങളെല്ലാവരും’; പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.

തങ്ങളുടെ മകൾക്ക് നീതി ലഭിക്കാൻ വേണ്ടി മാത്രമല്ല ഗ്രാമത്തിലെ സാമൂഹിക അനീതിയ്‌ക്ക് എതിരെ കൂടിയാണ് പോരാട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്‌ടപരിഹാരമായി നൽകിയിരുന്നു എങ്കിലും യുപി സർക്കാർ വാഗ്‌ദാനം ചെയ്‌ത സർക്കാർ ജോലിയും പുതിയ വീടും ഇതുവരെ ലഭിച്ചിട്ടില്ല. കോടതി വിചാരണകൾ നടക്കുന്ന സമയത്ത് പോലും ഗ്രാമീണർ പിന്തുടർന്ന് തങ്ങളുടെ അഭിഭാഷകനെ ഭീഷണിപ്പെടുത്തിയിരുന്നു. കേസ് അഭിഭാഷകൻ ഉപേക്ഷിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഠാക്കൂർ സമുദായത്തിൽ പെട്ട പ്രതികളെ രക്ഷിക്കാൻ ഗ്രാമീണർ എന്തും ചെയ്യുമെന്ന് പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു.

പെൺകുട്ടിയുടെ ചിതാഭസ്‌മം ഇപ്പോഴും കുടുംബം സൂക്ഷിച്ചുവെച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് നീതി ലഭിക്കുന്നത് വരെ മകളുടെ അന്ത്യകർമങ്ങൾ ചെയ്യില്ലെന്ന തീരുമാനത്തിലാണ് കുടുംബം.

2020 സെപ്‌റ്റംബർ 14നാണ് 19കാരിയായ ദളിത് പെൺകുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായത്. വയലിൽ ഗുരുതരമായി പരിക്കേറ്റ് കിടന്ന പെൺകുട്ടിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും പതിനൊന്ന് ദിവസത്തിന് ശേഷം പെൺകുട്ടി മരണത്തിന് കീഴടങ്ങി. മരിച്ച അന്ന് തന്നെ യുപി പോലീസ് പെൺകുട്ടിയുടെ മൃതദേഹം ഹത്രസിൽ എത്തിച്ച് പുലർച്ചെ 3.30ഓടെ ദഹിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട്ടുകാരുടെ അറിവോ സമ്മതമോ ഇല്ലാതെയായിരുന്നു പോലീസ് നടപടി.

കേസിൽ സന്ദീപ് (20), രവി (35), ലവ് കുഷ് (23), രാമു (26) എന്നീ നാലുപേരാണ് അറസ്‌റ്റിലായത്‌. പെൺകുട്ടിയുടെ മരണശേഷം രണ്ട് കേസുകളാണ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്‌. അലഹബാദ് ഹൈക്കോടതിയും ഹത്രസിലെ എസ്‌സി/ എസ്‌ടി കോടതിയുമാണ് വിചാരണ നടത്തുന്നത്. പെൺകുട്ടിയുടെ മൃതദേഹം പരിശോധനയ്‌ക്ക് മുമ്പ് നിർബന്ധിച്ച് ദഹിപ്പിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അലഹബാദ് ഹൈക്കോടതിയിൽ ഇതുവരെ റിപ്പോർട് നൽകിയിട്ടില്ല. എസ്‌സി/ എസ്‌ടി കോടതിയാണ് ബലാൽസംഗ- കൊലപാതക കേസ് പരിഗണിക്കുന്നത്.

Also Read: മാനസിക പ്രശ്‌നങ്ങൾ അലട്ടുന്നവരോട് പറയാതിരിക്കാം ഇക്കാര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE