ജൊഹാനസ്ബർഗ്: വംശീയതയുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും നിറയുകയാണ് ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം. എ ബി ഡിവില്ലിയേഴ്സ് ആണ് പുതിയ വിവാദത്തിലെ നായകൻ. 2015 ലെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന്റെ ഇന്ത്യൻ പര്യടനമാണ് വിവാദത്തിന് അടിസ്ഥാനമായ കാലം. പര്യടനത്തിനിടെ കറുത്ത വർഗക്കാരനായ ഖായ സോൻഡോയെ ടീമിൽ ഉൾപ്പെടുത്തിയാൽ താൻ പര്യടനത്തിൽ നിന്നും വിട്ടുനിൽക്കുമെന്ന് ക്യാപ്റ്റൻ കൂടിയായിരുന്ന എ ബി ഡിവില്ലിയേഴ്സ് പറഞ്ഞതായാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തു വന്നിരിക്കുന്നത്.
അക്കാലത്തെ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡ് പ്രസിഡന്റായിരുന്ന നോർമൻ ആരൻഡ്സെയുടെ റിപ്പോർട്ടിനെ ഉദ്ധരിച്ചു ഒരു ദക്ഷിണാഫ്രിക്കൻ മാദ്ധ്യമമാണ് വിവാദത്തിന് തിരിതെളിയിച്ചിരിക്കുന്നത്.
ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ സെലക്ഷൻ നിയമമനുസരിച്ചു പരിക്കേറ്റ ജെ പി ഡുമിനിക്ക് പകരം ഖായ സോൻഡോ ആയിരുന്നു ടീമിൽ എത്തേണ്ടിയിരുന്നത്. എന്നാൽ മുംബൈയിൽ നടക്കാനിരുന്ന അഞ്ചാം ഏകദിനത്തിന്റെ തലേ ദിവസത്തെ ടീം ഷീറ്റിൽ ഖായ സോൻഡോയുടെ പേരുണ്ടായിരുന്നിട്ടും അവസാന നിമിഷം ഒഴിവാക്കുകയായിരുന്നെന്ന് നോർമൻ ആരൻഡ്സെയുടെ കുറിപ്പിൽ പറഞ്ഞു. താരത്തിന്റെ അരങ്ങേറ്റ മത്സരം ആവേണ്ട കളിയായിരുന്നിട്ടു കൂടി അവസരം നിഷേധിക്കുകയായിരുന്നു. ഈ നടപടി അനീതിയും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ബോർഡിന്റെ സെലക്ഷൻ നിയമങ്ങൾക്കും ചട്ടങ്ങൾക്കും എതിരാണെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ഡുമിനിക്ക് പകരം ഡീൻ എൽഗാറാണ് മത്സരത്തിൽ പങ്കെടുത്തത്. അതിനു മുൻപ് വെറും അഞ്ച് ഏകദിനങ്ങളിൽ മാത്രമാണ് അദ്ദേഹം കളിച്ചിരുന്നത്.
അതിനു ശേഷം 2018ൽ മാത്രമാണ് സോൻഡോക്ക് അരങ്ങേറ്റ മത്സരം ലഭിച്ചത്. 2015ലെ ഏകദിനത്തിൽ മുഴുവൻ കളികളിലും സോൻഡോ പുറത്തായിരുന്നു. ഈ പരമ്പരയ്ക്ക് ശേഷം ടീമിലെ കറുത്ത വർഗക്കാരുടെ കൂട്ടായ്മയായ ‘ബ്ലാക്ക് പ്ലേയേഴ്സ് യൂണിറ്റി’ വർഗ്ഗ വിവേചനത്തിനെതിരെ ക്രിക്കറ്റ് ബോർഡിന് കത്തയക്കുകയും ചെയ്തിരുന്നു.മുൻ ദക്ഷിണാഫ്രിക്കൻ താരം ആഷ്വൽ ഫ്രാൻസും വിവാദങ്ങളോട് പ്രതികരിച്ചു രംഗത്തിയിരുന്നു. 2015 ലോകകപ്പ് സെമിയിൽ കറുത്തവർഗക്കാരനായ വേർലോൺ ഫിൻലാൻഡറെ ക്രിക്കറ്റ് ബോർഡിന്റെ നിയമപ്രകാരം മാത്രമാണ് ടീമിലെടുത്തതെന്നും കൈൽ ആൽബട്ടിനെ കളിപ്പിക്കാനായിരുന്നു അന്ന് ഡിവില്ലിയേഴ്സ് താല്പര്യപ്പെട്ടിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിവില്ലിയേഴ്സിന്റെ ആത്മകഥയിൽ ഇതുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഉണ്ടെന്നും ആഷ്വൽ ഫ്രാൻസ് പറഞ്ഞു.





































