ന്യൂഡെൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇടക്കാല ജാമ്യം ലഭിച്ച ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് മുതൽ തിരഞ്ഞെടുപ്പ് പ്രചാരണ ഗോദയിലേക്ക്. നാലാം ഘട്ടത്തിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെയാണ് കെജ്‌രിവാൾ പ്രചാരണത്തിനിറങ്ങുന്നത്.
തെക്കൻ ഡെൽഹിയിലാണ് ഇന്നത്തെ റോഡ് ഷോ. ഏകാധിപത്യത്തിനെതിരെ ഒന്നിക്കാനാണ് കെജ്‌രിവാളിന്റെ ആഹ്വാനം. ഉച്ചയ്ക്ക് കെജ്‌രിവാളിന്റെ വാർത്താ സമ്മേളനവും ഉണ്ട്. ഇന്നത്തെ റാലിയെ വൻ ഗംഭീരമാക്കി മാറ്റാനാണ് ആംആദ്‌മി പാർട്ടി ഒരുങ്ങുന്നത്. കെജ്‌രിവാളിന്റെ വരവ് ‘ഇന്ത്യ’ മുന്നണിക്കും വൻ ഊർജമാണ് നൽകുന്നത്.
ഡെൽഹിയിലെ ഏഴും ഹരിയാനയിലെ മുഴുവൻ സീറ്റുകളിലും വൻ വിജയമാണ് ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നത്. എഎപിക്ക് ഏറെ സ്വാധീനമുള്ള ഡെൽഹിയിലും ഹരിയാനയിലും 25നാണ് തിരഞ്ഞെടുപ്പ്. പഞ്ചാബിൽ ജൂൺ ഒന്നിനും. അതേസമയം, കെജ്‌രിവാളിന്റെ മടങ്ങിവരവിൽ ബിജെപി പ്രതിരോധത്തിലാണ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു ബിജെപി നിരന്തരം പ്രതിഷേധവും വിമർശനങ്ങളും ഉയർത്തുന്നതിനിടെയാണ് 50ആം ദിവസം ജാമ്യം ലഭിച്ചത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനാണ് ജാമ്യം അനുവദിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിലോ ഡെൽഹി സെക്രട്ടറിയേറ്റിലോ പോകരുത് എന്നതുൾപ്പടെയുള്ള വ്യവസ്‌ഥകളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജൂൺ ഒന്നുവരെ 21 ദിവസത്തേക്കാണ് ജാമ്യ കാലാവധി. രണ്ടിന് തിരികെ ജയിലിലേക്ക് മടങ്ങി വരണമെന്നും സുപ്രീം കോടതി ജസ്‌റ്റിസ് സഞ്‌ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് നിർദ്ദേശം നൽകി.
Most Read| തീർന്നിട്ടും തീരാതെ സമരം; കണ്ണൂരിൽ നിന്നുള്ള രണ്ടു സർവീസുകൾ ഇന്നും റദ്ദാക്കി








































