ശ്രീഹരിക്കോട്ട: ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനിയായ അഗ്‌നികുൽ കോസ്‌മോസിന്റെ അഗ്‌നിബാൻ റോക്കറ്റ് വിജയകരമായി പരീക്ഷിച്ചു. സെമി ക്രയോജനിക് എൻജിൻ ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ പരീക്ഷണമാണിത്. ശ്രീഹരിക്കോട്ടയിൽ നടത്തിയ വിക്ഷേപണം വിജയിച്ചതായി ഐഎസ്ആർഒ എക്‌സിൽ അറിയിച്ചു.
അഗ്‌നികുൽ കോസ്‌മോസിന് അഭിനന്ദനം അറിയിക്കുന്നുവെന്നും ഇന്ത്യക്ക് ഇത് വലിയ നാഴികക്കല്ലാണെന്നും ഐഎസ്ആർഒ എക്‌സിൽ പറഞ്ഞു. ലോകത്തിലെ ആദ്യത്തെ സിംഗിൾ പീസ് ത്രീഡി പ്രിന്റഡ് സെമി ക്രയോജനക് റോക്കറ്റ് എൻജിനായ അഗ്‌നിലൈറ്റ് എൻജിന്റെ പരീക്ഷണമാണ് ദൗത്യത്തിന്റെ ലക്ഷ്യം.
പൂർണമായും തദ്ദേശീയമായി നിർമിച്ചതാണ് അഗ്‌നിബാൻ സബ് ഓർബിറ്റൽ ടെക് ഡെമോൺസ്ട്രേറ്റർ എന്ന റോക്കറ്റ്. വാതകരൂപത്തിലും ദ്രവരൂപത്തിലുമുള്ള ഇന്ധനങ്ങളുടെ മിശ്രിതം ഉപയോഗിച്ചുള്ള സെമി ക്രയോജനിക് പ്രൊപ്പൽഷൻ സംവിധാനമാണ് റോക്കറ്റിലുള്ളത്.
വിക്ഷേപണ ചിലവ് വലിയതോതിൽ കുറയ്‌ക്കാൻ സെമി ക്രയോജനിക് എൻജിനുകൾക്കാകും. നിലവിലുള്ള ക്രയോജനിക് എൻജിനുകളിൽ ദ്രവീകൃത ഹൈഡ്രജനും ഓക്‌സിജനുമാണ് ഉപയോഗിക്കുന്നത്. ഹൈഡ്രജനെ ദ്രവരൂപത്തിലാക്കണമെങ്കിൽ അതിനെ -254 ഡിഗ്രിയിൽ തണുപ്പിക്കേണ്ടതുണ്ട്. ഓക്‌സിജൻ -157 ഡിഗ്രിയിലും തണുപ്പിക്കണം. വലിയ ചിലവേറിയതും സാങ്കേതിക സംവിധാനങ്ങൾ ആവശ്യമായതുമായ പ്രക്രിയയാണിത്.
എന്നാൽ, വിമാനങ്ങളിൽ ഉപയോഗിക്കുന്ന ശുദ്ധീകരിച്ച ടർബൈൻ ഓയിൽ ഉപയോഗിച്ചാണ് സെമി ക്രയോജനിക് എൻജിനുകളുടെ പ്രവർത്തനം. മൂന്ന് മാസത്തിനിടെ നാല് തവണ സാങ്കേതിക കാരണങ്ങളെ തുടർന്ന് വിക്ഷേപണം മാറ്റിവെച്ച ശേഷമാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ഇന്ന് രാവിലെ റോക്കറ്റ് എൻജിൻ വിജയകരമായി വിക്ഷേപിച്ചത്.
Most Read| സ്വർണക്കടത്ത്; ശിവകുമാർ പ്രസാദ് തന്റെ മുൻ സ്‌റ്റാഫെന്ന് ശശി തരൂർ എംപി