ജനങ്ങൾക്ക് നന്ദി, എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കും; പ്രധാനമന്ത്രി

അതിനിടെ, പ്രധാനമന്ത്രി നാളെ രാഷ്‌ട്രപതിയെ കണ്ടേക്കുമെന്നും അടുത്തയാഴ്‌ച തന്നെ സത്യപ്രതിജ്‌ഞ ഉണ്ടായേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം.

By Trainee Reporter, Malabar News
narendra modi
പ്രധാനമന്ത്രി നരേന്ദ്ര മോദി
Ajwa Travels

ന്യൂഡെൽഹി: എൻഡിഎ മൂന്നാം സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം ഒരിക്കൽ കൂടി നന്ദി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ബിജെപി ആസ്‌ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

‘ജയ് ജഗന്നാഥ്‌’ എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ്. ഭരണഘടനയിൽ വിശ്വാസമുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പ് സംവിധാനത്തെ കുറിച്ചും അതിന്റെ വിശ്വാസ്യതയെ കുറിച്ചും അഭിമാനം തോന്നുന്നു. 1962നു ശേഷം ആദ്യമായാണ് ഒരു സർക്കാർ തുടർച്ചയായി മൂന്നാംവട്ടം അധികാരത്തിൽ വരുന്നത്’- മോദി പറഞ്ഞു.

‘ഒഡിഷയിലും ഞങ്ങൾ സർക്കാർ രൂപീകരിക്കും. ആദ്യമായാണ് അവിടെ ബിജെപിയുടെ മുഖ്യമന്ത്രിയുണ്ടാകുന്നത്. കേരളത്തിൽ അക്കൗണ്ട് തുറന്നു. മധ്യപ്രദേശിലും ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഡെൽഹിയിലും മധ്യപ്രദേശിലും മികച്ച നേട്ടമുണ്ടാക്കിയതിൽ സന്തോഷം. പ്രതിപക്ഷം ഒന്നിച്ചെങ്കിലും ബിജെപിക്ക് ഒറ്റക്ക് കിട്ടിയതിന്റെ അത്രയും സീറ്റുകൾ നേടാൻ അവർക്കായില്ല. മൂന്നാം വട്ടം വലിയ തീരുമാനങ്ങളിലൂടെ പുതിയ തുടക്കം നൽകുമെന്ന മോദിയുടെ ഗ്യാരന്റിയാണ് നൽകാനുള്ളത്’- പ്രസംഗത്തിൽ പ്രധാനമന്ത്രി വ്യക്‌തമാക്കി.

അതിനിടെ, പ്രധാനമന്ത്രി നാളെ രാഷ്‌ട്രപതിയെ കണ്ടേക്കുമെന്നും അടുത്തയാഴ്‌ച തന്നെ സത്യപ്രതിജ്‌ഞ ഉണ്ടായേക്കുമെന്നുമാണ് പുറത്തുവരുന്ന വിവരം. തുടർഭരണം നൽകിയ ജനങ്ങൾക്ക് മോദി ആദ്യം എക്‌സിലൂടെയും നന്ദി അറിയിച്ചിരുന്നു. ‘ജനങ്ങൾ എൻഡിഎയിൽ മൂന്നാം വട്ടവും വിശ്വാസമർപ്പിച്ചു. ഇതൊരു ചരിത്ര നേട്ടമാണ്. കഴിഞ്ഞ പത്ത് വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുന്നു. ബിജെപി പ്രവർത്തകർക്കും നന്ദി’- മോദി എക്‌സിൽ കുറിച്ചു.

അതേസമയം, മൂന്നാംവട്ടവും ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്ന് വിജയിച്ച നരേന്ദ്രമോദിയുടെ ഭൂരിപക്ഷം ഇത്തവണ കുറഞ്ഞത് ചർച്ചയായി. യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് ആയിരുന്നു മോദിയുടെ എതിരാളി. ഇത്തവണ 1,52,513 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് മോദിക്ക് ലഭിച്ചത്. 20143,71,784 വോട്ടുകളും 20194,79,505 വോട്ടുകളുമാണ് ലഭിച്ചിരുന്നത്. വാരണാസിയിൽ നോട്ടയ്‌ക്ക് 8257 വോട്ടുകളും ലഭിച്ചു.

292 സീറ്റുകളുമായാണ് നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ മൂന്നാംമൂഴം ഉറപ്പിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ തന്നെ എൻഡിഎ വ്യക്‌തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ, പിന്നാലെ ഇന്ത്യാ സഖ്യവും കരുത്തുതെളിയിച്ചു എത്തി. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറി. 2014ന് ശേഷം ഇതാദ്യമായി കോൺഗ്രസ് നൂറോളം സീറ്റുകളിൽ ലീഡ് പിടിച്ചു. അതേസമയം, തിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാൻ ഇന്ത്യാ മുന്നണി യോഗം നാളെ ചേരും.

Most Read| മെക്‌സിക്കോയിൽ ചരിത്രമെഴുതി ക്‌ളൌഡിയ ഷെയ്‌ൻബോം; ആദ്യ വനിതാ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE