ശ്രീനഗർ: ജമ്മു കശ്‌മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് പ്രദേശവാസികളുടെ വീടുകളിലെ അലമാരയ്‌ക്കുള്ളിൽ നിർമിച്ച രഹസ്യ അറകളിലെന്ന് വിവരം. അലമാരയുടെ വാതിൽ തുറന്നാൽ രഹസ്യ അറകളിലേക്ക് പ്രവേശിക്കാൻ കഴിയുന്ന തരത്തിലായിരുന്നു നിർമാണം.
അതേസമയം, ഭീകരർക്ക് അഭയം നൽകിയതിൽ നാട്ടുകാരുടെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഡിജിപി ആർഎസ് സ്വയിൻ പറഞ്ഞു. ഞായറാഴ്‌ച നടന്ന ഏറ്റുമുട്ടലിൽ ചിന്നഗാമിൽ നാല് ഹിസ്ബുൽ മുജാഹിദീൻ ഭീകരരെ സൈന്യം വധിച്ചിരുന്നു. രണ്ടു സൈനികർ വീരമൃതു വരിക്കുകയും ചെയ്‌തിരുന്നു.
‘അലമാരകളിൽ ആളുകൾക്ക് ഒളിച്ചിരിക്കാൻ കഴിയുന്ന രീതിയിൽ പ്രത്യേകം നിർമിച്ച അറകളിലാണ് ഭീകരർ ഉണ്ടായിരുന്നത്. ദേശീയപാതയിൽ നിന്ന് അകലെ കുൽഗാമിന്റെ ഉൾപ്രദേശങ്ങളിൽ ആയിരുന്നു ഏറ്റുമുട്ടൽ. ഇവിടെ പോലീസും സുരക്ഷാ ഉദ്യോഗസ്‌ഥരും നിരീക്ഷണം ശക്‌തമാക്കി. കൊല്ലപ്പെട്ട ഭീകരർ എല്ലാവരും ഹിസ്‌ബുൽ മുജാഹിദീൻ സംഘടനയുടെ ഭാഗമാണ്. അതിലൊരാൾ സംഘടനയുടെ ഡിവിഷൻ കമാൻഡർ അഹമ്മദ് ബട്ടാണ്’- ആർഎസ് സ്വയിൻ പറഞ്ഞു.
Most Read| മരണത്തിന്റെ ചൂളംവിളി; പെരുമൺ തീവണ്ടി ദുരന്തത്തിന് ഇന്ന് 36 വയസ്