കൊച്ചി: സംസ്‌ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിൽ. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 90 രൂപ വർധിച്ച് 6875 രൂപയായി. പവന് 720 രൂപ ഉയർന്ന് 55,000ത്തിലെത്തി. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് കേരളത്തിൽ സ്വർണവില വീണ്ടും 55,000 കടന്നത്.
ഇക്കഴിഞ്ഞ മേയ് 20ലെ ഗ്രാമിന് 6890 രൂപയും പവന് 55,120 രൂപയുമാണ് സംസ്‌ഥാനത്തെ എക്കാലത്തെയും ഉയർന്ന വില. പുതിയ റെക്കോർഡിൽ നിന്ന് പവൻ 120 രൂപയും ഗ്രാം 15 രൂപയും മാത്രം അകലെയാണിപ്പോൾ. കഴിഞ്ഞ മാസം ആദ്യം പവൻ വില 52,560 രൂപവരെ താഴ്‌ന്നിരുന്നു. തുടർന്ന് ഇതുവരെ കൂടിയത് 2440 രൂപ. ഗ്രാമിന് ഒരുമാസത്തിനിടെ 305 രൂപയും ഉയർന്നു.
18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് 80 രൂപ കുതിച്ച് 5710 രൂപയിലെത്തി. വില കുതിച്ചതോടെ കേരളത്തിൽ സ്വർണാഭരണങ്ങളുടെ വാങ്ങൽവിലയും ആനുപാതികമായി കൂടി. മൂന്ന് ശതമാനം ജിഎസ്‌ടി, 45 രൂപയും അതിന്റെ 18 ശതമാനം ജിഎസ്‌ടിയും ചേരുന്ന ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും ചേരുമ്പോഴാണ് വാങ്ങൽ വിലയാവുക.
പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. ഇത് പൂജ്യം മുതൽ 30 ശതമാനം വരെയാകാം. അഞ്ച് ശതമാനം പണിക്കൂലി കണക്കാക്കിയാൽ നികുതിയടക്കം 59,540 രൂപ കൊടുത്താലേ ഇന്നൊരു പവൻ സ്വർണാഭരണം വാങ്ങാനാകൂ. ഒരു ഗ്രാം ആഭരണത്തിന് 7440 രൂപയെങ്കിലും കൊടുക്കണം.
അമേരിക്കൻ സമ്പദ്‌വ്യവസ്‌ഥയിൽ ഉണ്ടാകുന്ന ചലനങ്ങളാണ് സ്വർണത്തിന് ആവേശമാകുന്നത്. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്‌ഥാന പലിശനിരക്ക് ഏറെ വൈകാതെ കുറച്ചേക്കുമെന്ന സൂചന നൽകിയിട്ടുണ്ട്. ഇതോടെ യുഎസ് സർക്കാരിന്റെ കടപ്പത്ര ആദായനിരക്ക് കുറഞ്ഞതും ഡോളർ കുതിക്കുന്നതും സ്വർണത്തിന് കരുത്താകുന്നു.
Most Read| ഏറ്റവും ഉയരം കുറവ്; ലോക റെക്കോർഡ് നേടി ബ്രസീലിയൻ ദമ്പതികൾ