ഹൈദരാബാദ്: മൈക്രോസോഫ്‌റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്‌സ്‌ട്രൈക്ക് തകരാറിലായത് ഇന്ത്യയിലെ വിമാനത്താവളങ്ങളെയും ബാധിച്ചു. മുംബൈ, ഹൈദരാബാദ് വിമാനത്താവളങ്ങളിലെ പ്രവർത്തനത്തെ തകരാർ കാര്യമായി ബാധിച്ചു. പല വിമാനത്താവളങ്ങളിലും ജീവനക്കാർ പേന കൊണ്ട് എഴുതിയ ബോഡിങ് പാസാണ് യാത്രക്കാർക്ക് നൽകിയത്.
ഹൈദരാബാദിൽ നിന്ന് കൊൽക്കത്തയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലെ യാത്രക്കാർക്കാണ് പേന കൊണ്ടെഴുതിയ ബോഡിങ് പാസ് നൽകിയത്. കൊച്ചി വിമാനത്താവളത്തിലും പ്രതിസന്ധി തുടരുകയാണ്. രാവിലെയോടെ പല വിമാനത്താവളങ്ങളിലും വിമാനങ്ങൾ പുറപ്പെടാൻ വൈകിയതോടെ യാത്രക്കാരുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു. ലോകമാകെ കോടിക്കണക്കിന് ജനങ്ങളെ തകരാർ ബാധിച്ചിട്ടുണ്ട്.
ഡെൽഹി വിമാനത്താവളത്തെയും ബാധിച്ചു. യാത്രക്കാർ കാത്തിരിക്കേണ്ടി വരുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ ചെക്ക് ഇൻ തകരാറിലായെങ്കിലും യാത്ര മുടങ്ങില്ലെന്ന് അറിയിപ്പുണ്ട്. ഇൻഡിഗോ, ആകാശ് എയർലൈൻസ്, സ്‌പൈസ് ജെറ്റ് എന്നിവയുൾപ്പെടെ നിരവധി എയർലൈനുകളുടെ ബുക്കിങ്ങും ചെക്ക് ഇൻ സേവനങ്ങളും തടസപ്പെട്ടിട്ടിട്ടുണ്ട്.
അതിനിടെ, മൈക്രോസോഫ്റ്റിന് സുരക്ഷ ഒരുക്കിയ ക്രൗഡ്‌സ്‌ട്രൈക്ക് നിശ്‌ചലമായിട്ട് 12 മണിക്കൂർ പിന്നിട്ടതോടെ സംഭവത്തിൽ വിശദീകരണവുമായി ക്രൗഡ്‌സ്‌ട്രൈക്ക് പ്രസിഡണ്ട് ജോർജ് കുർട്‌സ് രംഗത്തെത്തി. തകരാർ കണ്ടെത്തിയെന്നും ഉടൻ പ്രശ്‌നം പരിഹരിക്കുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു. വിൻഡോസിലെ ചില അപ്‌ഡേറ്റുകളിൽ മാത്രമാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്.
മൈക്രോസോഫ്റ്റ് വിൻഡോസിലെ സൈബർ സുരക്ഷാ പ്ളാറ്റ്‌ഫോമായ ക്രൗഡ്‌സ്‌ട്രൈക്കാണ് ഇന്ന് രാവിലെയോടെ ലോകമാകെ നിശ്‌ചലമായത്. ഇന്ത്യൻ, ഓസ്ട്രേലിയ, ജർമനി, യുഎസ്, യുകെ ഉൾപ്പടെ നിരവധി രാജ്യങ്ങളിലെ ഐടി സംവിധാനത്തെ തകരാർ ബാധിച്ചു. ഇതോടെ സൈബർ സേവനങ്ങൾ നിശ്‌ചലമായി. ബാങ്കുകൾ, വിമാനക്കമ്പനികൾ, ആരോഗ്യ സംവിധാനങ്ങൾ, എന്നിവയെല്ലാം തടസപ്പെട്ടു.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം