വയനാട്: കേരളത്തിന്റെ ഹൃദയം പിളർന്ന ദുരന്തഭൂമിയിൽ തിരച്ചിൽ നാലാം ദിനത്തിലേക്ക്. ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല ഭാഗങ്ങളിൽ മരണം 316 ആയി. ഇനി 298 പേരെ കണ്ടെത്താൻ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. 172 മൃതദേഹങ്ങളാണ് ചാലിയാറിൽ നിന്ന് ഇതുവരെ കണ്ടെടുത്തത്. ഇന്നും ചാലിയാറിൽ തിരച്ചിൽ തുടരും.
സൈന്യവും എൻഡിആർഎഫും സംസ്‌ഥാന സർക്കാരും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും സംയുക്‌തമായാണ് തിരച്ചിൽ നടത്തുന്നത്. കാണാതായവരിൽ 29 കുട്ടികൾ ഉണ്ടെന്നാണ് വിവരം. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ 2328 പേരാണുള്ളത്. സൈന്യം നിർമിച്ച ബെയ്‌ലി പാലം പ്രവർത്തന സജ്‌ജമായതോടെ രക്ഷാപ്രവർത്തനം വേഗത്തിലാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മേഖലയിൽ ഇനിയാരും ജീവനോടെ കുടുങ്ങി കിടക്കാൻ സാധ്യതയില്ലെന്നാണ് സൈന്യത്തിന്റെ നിഗമനമെങ്കിലും ജീവന്റെ തുടിപ്പ് തേടി ഓരോ പ്രദേശത്തും പരിശോധന തുടരും. മുണ്ടക്കൈ, ചൂരൽമല മേഖലയിൽ ഇന്ന് മുതൽ 40 ടീമുകൾ തിരച്ചിൽമേഖല 6 സോണുകളായി തിരിച്ച് പ്രവർത്തനങ്ങൾ നടത്തും.
അട്ടമലയും ആറൻമലയും ചേർന്നതാണ് ആദ്യത്തെ സോൺ. മുണ്ടക്കൈ രണ്ടാമത്തെ സോണും. പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാർമല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാർമല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. ഓരോ ടീമിലും മൂന്നു നാട്ടുകാരും ഒരു വനംവകുപ്പ് ജീവനക്കാരനും ഉണ്ടാവും.
ഇതിന് പുറമെയാണ് വെള്ളിയാഴ്‌ച മുതൽ ചാലിയാർ കേന്ദ്രീകരിച്ച് ഒരേസമയം മൂന്ന് രീതിയിൽ തിരച്ചിലും തുടങ്ങുക. 40 കിലോമീറ്ററിൽ ചാലിയാറിന്റെ പരിധിയിൽ വരുന്ന എട്ട് പോലീസ് സ്‌റ്റേഷന്റെ പുഴ ഭാഗങ്ങളിൽ പൊലീസും നീന്തൽ വിദഗ്‌ധനായ നാട്ടുകാരും ചേർന്ന് തിരയും. പോലീസ് ഹെലികോപ്റ്റർ ഉപയോഗിച്ച് സമാന്തരമായി മറ്റൊരു തിരച്ചിൽ നടത്തും.
കാലാവസ്‌ഥാ പ്രതികൂലമായി നിൽക്കുന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി. എന്നാൽ, ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനം കുറഞ്ഞെന്നാണ് കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. വയനാടിന് പുറമെ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ പ്ളസ് ടു വരെയുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.
Most Read| അതിപിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കാം; സംവരണം ശരിവെച്ച് സുപ്രീം കോടതി








































