വയനാട്: ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ പത്താം ദിനമായ ഇന്നും തുടരും. ഇന്നലെ മൃതദേഹ ഭാഗങ്ങൾ ലഭിച്ച സൺറൈസ് വാലി കേന്ദ്രീകരിച്ചാകും ഇന്നും പരിശോധന. തിരച്ചിലിന് കഡാവർ നായകളും ഉണ്ടാകും. ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലെ ചാലിയാർ കേന്ദ്രീകരിച്ചും തിരച്ചിൽ ഉണ്ടാകും.
ആറ് സോണുകളായി തിരിഞ്ഞാണ് തിരച്ചിൽ പുരോഗമിക്കുന്നത്. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാമ്പുകളിലായി 1968 പേരാണ് കഴിയുന്നത്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്. മന്ത്രി ആർ ബിന്ദു ഇന്ന് ദുന്തബാധിത മേഖലകൾ സന്ദർശിക്കും. പുനരധിവാസം മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനം.
നിലവിൽ ക്യാമ്പുകളിൽ കഴിയുന്നവരെ താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതാണ് ഒന്നാംഘട്ടം. ഇതിനായി ബന്ധുവീടുകളിൽ പോകാൻ താൽപര്യമുള്ളവർക്ക് അതിനുള്ള സൗകര്യമൊരുക്കും. മറ്റുള്ളവരെ താമസിപ്പിക്കുന്നതിനായി വാടക വീടുകളോ മറ്റു സൗകര്യങ്ങളോ സർക്കാർ ചിലവിൽ കണ്ടെത്തി നൽകും. സർക്കാർ സംവിധാനങ്ങളുടെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തും.
സ്ഥിരം വീടുകളിലേക്ക് മാറുന്നതിന് മുമ്പുള്ള ഇടക്കാല ട്രാൻസിറ്റ് ഹോം സംവിധാനമാണ് രണ്ടാംഘട്ടത്തിൽ നടപ്പിലാക്കുക. ഇതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ഫ്രീഫാബ് സാങ്കേതിക വിദ്യയിലുള്ള സംവിധാനങ്ങൾ ഒരുക്കും. സമ്പൂർണ പുനരധിവാസത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളോടും കൂടിയ ടൗൺഷിപ്പ് പദ്ധതി മൂന്നാം ഘട്ടത്തിലാകും നടപ്പിലാക്കുക.
അതിനിടെ, ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നതിന് മുന്നാടിയായുള്ള സുരക്ഷാ പരിശോധനകൾ ഇന്ന് നടക്കും. പ്രധാനമന്ത്രി വരുന്നതിൽ ഏറെ പ്രതീക്ഷയിലാണ് വയനാട്ടുകാർ. വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ലോക്സഭയിൽ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മോദി വയനാട്ടിലെത്തുന്നത്.
ശനിയാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ വിമാനമിറങ്ങുന്ന മോദി ഹെലികോപ്ക്ടറിലാണ് മേപ്പാടി പഞ്ചായത്തിൽ എത്തുകയെന്നാണ് വിവരം. മോദിയുടെ വരവിൽ വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോ, കൂടുതൽ കേന്ദ്ര സഹായം ലഭിക്കുമോ എന്നെല്ലാമാണ് കേരളം ഉറ്റുനോക്കുന്നത്.
Most Read| ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്; ഹൈക്കോടതി ചൊവ്വാഴ്ച വിധി പറയും







































