വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ഇന്ന് ജനകീയ തിരച്ചിൽ. ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉൾപ്പെടുത്തിയാണ് തിരച്ചിൽ നടത്തുക. ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട ശ്രമമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു.
ദുരന്തത്തിന് ഇരകളായവരിൽ തിരച്ചിലിൽ പങ്കെടുക്കാൻ താൽപര്യമുള്ളവരെ വാഹനങ്ങളിൽ വീടുകൾ നിലനിന്നിരുന്ന സ്‌ഥലങ്ങളിൽ എത്തിക്കും. സുരക്ഷാ ഉദ്യോഗസ്‌ഥരുടെയും തിരച്ചിൽ സംഘങ്ങളുടെയും കൂടെയായിരിക്കും ഇവരെ ദുരന്തമുണ്ടായ സ്‌ഥലങ്ങളിലേക്ക് അയക്കുക. ആറ് സോണുകളായി തിരിച്ചാണ് തിരച്ചിൽ. 11 ആം ദിവസത്തിലേക്ക് തിരച്ചിൽ കടന്നിരിക്കുകയാണ്.
അതിനിടെ, പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വയനാട് സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാവിലെ 11.20ന് കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി വ്യോമസേനാ ഹെലികോപ്‌റ്ററിലാണ് വയനാട്ടിലേക്ക് പോവുക. ഇതിനായി വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകൾ ഇന്നലെ കണ്ണൂരിലെത്തി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രധാനമന്ത്രിക്ക് ഒപ്പമുണ്ടാകും.
വായനാട്ടിലേത് ദേശീയ ദുരന്തമായും അതിതീവ്ര ദുരന്തമായും പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ദുരന്ത തീവ്രത പരിശോധിച്ച് റിപ്പോർട് സമർപ്പിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒമ്പതംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതി ഇന്ന് വയനാട്ടിലെത്തി സ്‌ഥിതിഗതികൾ വിലയിരുത്തും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയും ഇന്റർ മിനിസ്‌റ്റീരിയൽ സെൻട്രൽ ടീം ലീഡറുമായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നെത്തുന്നത്. വിവിധ വകുപ്പുകളുടെ കേരളത്തിലെ പ്രതിനിധികളും സംഘത്തെ അനുഗമിക്കും. വൈകിട്ട് മൂന്നരക്ക് എസ്‌കെഎംജെ സ്‌കൂളിൽ സംസ്‌ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച നടത്തും. നാലുമണിയോടെ വയനാട്ടിൽ നിന്ന് മടങ്ങും.
അതേസമയം, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അനധികൃത ഖനനവും പ്രളയവുമടക്കമുള്ള കാര്യങ്ങൾ നിയന്ത്രിക്കാൻ നിയമപരമായി എന്തെല്ലാം ചെയ്യാൻ കഴിയുമെന്ന് ആലോചിക്കണമെന്ന് കോടതി വ്യക്‌തമാക്കിയിരുന്നു. മാദ്ധ്യമ വാർത്തകളുടെയും ഹൈക്കോടതിക്ക് ലഭിച്ച കത്തിന്റെയും അടിസ്‌ഥാനത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. ഗാഡ്‌ഗിൽ, കസ്‌തൂരിരംഗൻ റിപ്പോർട്ടുകളും കോടതിയുടെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെടും.
Sports| ഹോക്കിയിൽ വീണ്ടും വിജയക്കുതിപ്പ്; ഇന്ത്യക്ക് നാലാം മെഡൽ- പടിയിറങ്ങി ശ്രീജേഷ്








































