തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ജെഎസ് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് നടപടി കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവവുമായി ബന്ധപ്പെട്ട് സർവകലാശാല മുൻ വൈസ് ചാൻസലർ എംആർ ശശീന്ദ്രനാഥിന് ഗവർണർ കാരണം കാണിക്കൽ നോട്ടീസ് നൽകി. 30 ദിവസത്തിനകം മറുപടി നൽകണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിന് പുറമെ മുൻ ഡീൻ, അസിസ്‌റ്റന്റ് വാർഡൻ എന്നിവർക്കെതിരെ നടപടി സ്വീകരിച്ച് 45 ദിവസത്തിനകം വിവരം അറിയിക്കണമെന്ന് ഇപ്പോഴത്തെ വിസിയോട് ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. സസ്‍പെൻഷനിലുള്ള ഡീൻ എംകെ നാരായണൻ, അസി. വാർഡൻ ആർ കാന്തനാഥൻ എന്നിവർക്കെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ടെന്നാണ് സൂചന.
ഗവർണർ നിയമിച്ച കമ്മീഷൻ നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ വിസിക്ക് കൈമാറിയിട്ടുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലംഗ സമിതിയെയും നിയോഗിച്ചിട്ടുണ്ട്. സിദ്ധാർഥന്റെ മരണത്തിൽ സർവകലാശാല മുൻ വിസിക്കും ഡീനിനും വാർഡർമാർക്കും ഗുരുതര വീഴ്‌ച സംഭവിച്ചതായാണ് ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്.
സിദ്ധാർഥനെ മർദ്ദിക്കുന്ന വിവരമറിഞ്ഞിട്ടും തടയാനോ വേണ്ട ചികിൽസ നൽകാനോ അധികൃതർ തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ആരാജകത്വമാണെന്നും കമ്മീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രണ്ടാംവർഷ വിദ്യാർഥി സിദ്ധാർഥനെ ഫെബ്രുവരി 18നാണ് ഹോസ്‌റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതികൾ പരസ്യവിചാരണ നടത്തുകയും മർദ്ദിക്കുകയും ചെയ്‌തതിനെ തുടർന്ന് സിദ്ധാർഥൻ ആത്‍മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.
Most Read| ചന്ദ്രനിൽ വാസയോഗ്യമായ ഗുഹയുണ്ടെന്ന് സ്‌ഥിരീകരണം







































