വയനാട്: ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരുമാസം. മണ്ണിനെയും മലയെയും ഏറെ അറിയാവുന്ന വയനാട്ടുകാർ മലവെള്ളപ്പാച്ചിലിന് മുന്നിൽ പകച്ചുപോയ ദിനം. മുന്നൂറിലധികം പേർക്ക് ജീവനും അതിൽ ഇരട്ടിയോളം പേർക്ക് ജീവിതവും നഷ്‌ടമായ കറുത്ത ദിനമായിരുന്നു അന്ന്.
സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്‌ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനയിലാണ് ഇപ്പോഴും കഴിയുന്നത്. എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്.
62 കുടുംബങ്ങൾ ഒരാൾപോലും ഇല്ലാതെ പൂർണമായും ഇല്ലാതായി. ചാലിയാർ പുഴയിലൂടെ കുത്തിയൊലിച്ച് പോയ നിരവധി മൃതദേഹങ്ങൾ മലപ്പുറം നിലമ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. 71 പേർക്ക് പരിക്കേറ്റു. 183 വീടുകൾ ഇല്ലാതായി. 145 വീടുകൾ പൂർണമായും തകർന്നു. പ്രകൃതി സുന്ദരമായ ഒരു നാട് ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ മരണത്തിന്റെ താഴ്‌വരയായി മാറിയ കാഴ്‌ചയായിരുന്നു കേരളം പിറ്റേന്ന് കണ്ടത്.
മുണ്ടക്കൈ, ചൂരൽമല, വെള്ളാർമല, പുഞ്ചിരിമട്ടം പ്രദേശങ്ങളെല്ലാം വിസ്‌മൃതിയിലായി. ഇത്തിരി ശ്വാസം മാത്രം ബാക്കിയായവർ ജീവൻ മാത്രം കൈയിൽ പിടിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. പ്രിയപ്പെട്ടവരെ ഓർക്കാനുള്ള സമയം പോലും കിട്ടിയില്ല എന്നുള്ളതായിരുന്നു യാഥാർഥ്യം. സ്വന്തമെന്നോർത്ത് ചേർത്തുപിടിച്ച കൈകൾ പലതും തണുത്തുറഞ്ഞത് പോലും അവർ അറിഞ്ഞിരുന്നില്ല.
ചെളിയിലാണ്ടുപോയ മുണ്ടക്കൈയിലും പുഞ്ചിരിമട്ടത്തും ജീവൻ പണയം വെച്ച് മനുഷ്യർ രക്ഷാപ്രവർത്തനം നടത്തി. ദുരന്തമേഖലയിലേക്കുള്ള സഞ്ചാര മാർഗമായ ബെയ്‌ലി പാലം തകർന്നത് പ്രതിസന്ധി സൃഷ്‌ടിച്ചു. ദുരന്ത മേഖലയിലേക്ക് രക്ഷാപ്രവർത്തനത്തിനായി പട്ടാള സൈന്യവും എത്തിയിരുന്നു. ബെയ്‌ലി പാലം പുനർനിർമിച്ചുകൊണ്ടു സൈന്യം രക്ഷാപ്രവർത്തനം കൂടുതൽ ഊർജിതമാക്കി. മൃതദേഹങ്ങളും ശരീര ഭാഗങ്ങളും ഒന്നിനുപിറകെ ഒന്നായി കിട്ടിക്കൊണ്ടിരുന്നു. ഇനി വയനാടിന് വേണ്ടത് അതിജീവനമാണ്. നാടൊന്നിച്ച് നമുക്കും വയനാടിനെ പുനർനിർമിക്കാം.
Most Read| ‘നരേന്ദ്ര മോദിയെ വിശ്വസിക്കാൻ തീരുമാനിച്ചു’; ചംപയ് സോറൻ ഇന്ന് ബിജെപിയിൽ ചേരും