മുംബൈ: ഛത്രപതി ശിവാജി മഹാരാജ് പ്രതിമ തകർന്ന് വീണത് രാഷ്ട്രീയ ആയുധമാക്കാൻ പ്രതിപക്ഷമായ മഹാവികാസ് അഘാഡി. നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രതിപക്ഷം കൂടുതൽ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയാണ്. നാളെ ഗേറ്റ്വേ ഓഫ് ഇന്ത്യയിൽ പ്രതിഷേധ റാലി സംഘടിപ്പിക്കും.
കഴിഞ്ഞ ദിവസം മുംബൈ കോൺഗ്രസ് അധ്യക്ഷയും എംപിയുമായ വർഷ ഗായ്ക്ക്വാഡിന്റെ നേതൃത്വത്തിൽ ദാദറിലെ ശിവാജി പാർക്കിൽ വലിയ പ്രതിഷേധം നടന്നിരുന്നു. ബികെസിയിലെ ജിയോ വേൾഡ് സെന്ററിൽ നടന്ന ഫിൻടെക് സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.
സമ്മേളനത്തിൽ വെച്ച് പ്രതിമ തകർന്നതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയുകയും ചെയ്തിരുന്നു. ഇത് രാഷ്ട്രീയ വിജയമായാണ് പ്രതിപക്ഷം കാണുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും മാപ്പ് പറഞ്ഞിരുന്നു.
തകർന്ന് വീണ പ്രതിമക്ക് പകരം വലിയ പ്രതിമ സർക്കാർ നിർമിക്കുമെന്ന ഉറപ്പും നൽകിയിരുന്നു. സംസ്ഥാന സർക്കാർ 2.44 കോടി രൂപ നൽകുകയും നാവികസേനയുടെ മേൽനോട്ടത്തിൽ നിർമിക്കുകയും ചെയ്ത പ്രതിമ കഴിഞ്ഞ വർഷം ഡിസംബർ നാലിനാണ് പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തത്. ശക്തമായ കാറ്റിൽ പ്രതിമ തകർന്ന് വീണെന്നാണ് സർക്കാരിന്റെ വിശദീകരണം.
സിന്ധുദുർഗ് കോട്ടയിൽ പുതിയ ശിവാജി പ്രതിമ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ടു സാങ്കേതിക സമിതികളെ സർക്കാർ നിയോഗിച്ചു. തകർച്ചയുടെ യഥാർഥ കാരണങ്ങൾ കണ്ടെത്താൻ മുതിർന്ന നാവികസേനാ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള സമിതിയെയും പ്രതിമ തകർന്നിടത്ത് പുതിയത് സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ അന്വേഷിക്കാൻ പൊതുമരാമത്ത് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെയുമാണ് നിയോഗിച്ചത്.
പ്രതിമ തകർന്നുവീണ സംഭവത്തിൽ നരഹത്യാക്കുറ്റം ചുമത്തപ്പെട്ട സ്ട്രക്ചറൽ എൻജിനിയർ ചേതൻ പാട്ടീലിനെ പോലീസ് അറസ്റ്റ് ചെയ്തു. രാത്രി 12.30ഓടെ കോലാപുരിൽ വെച്ച് അറസ്റ്റ് ചെയ്ത ഇയാളെ സിന്ധുദുർഗ് പോലീസിന് കൈമാറി. നിരപരാധിയാണെന്നും പ്രതിമ സ്ഥാപിക്കാൻ ആവശ്യമായ നിലം ഒരുക്കുക മാത്രമാണ് ചെയ്തതെന്നും ബാക്കി പണികൾ പൂനെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനിയാണ് ചെയ്തതെന്നും പാട്ടീൽ പറഞ്ഞു.
Most Read| ഇന്നും ശക്തമായ മഴ തുടരും; പത്ത് ജില്ലകളിൽ യെല്ലോ അലർട്









































