ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം. മുഡ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയാണ് പ്രാഥമിക അന്വേഷണം. സിദ്ധാരാമയ്യക്കെതിരെ നേരത്തെ സംസ്‌ഥാന ലോകായുക്‌ത കേസെടുത്തിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇഡിയും അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധരാമയ്യ, ഭാര്യ ബിഎൻ പാർവതി, ഭാര്യാ സഹോദരൻ മല്ലികാർജുന സ്വാമി, മല്ലികാർജുന സ്വാമി സ്‌ഥലം വാങ്ങിയ ദേവരാജു എന്നിവർക്ക് എതിരെയാണ് അന്വേഷണം.
നേരത്തെ, കേസിൽ സിദ്ധാരാമയ്യക്കെതിരെ ബെംഗളൂരുവിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മൈസൂരു ലോകായുക്‌ത പോലീസാണ് കേസ് അന്വേഷിക്കേണ്ടത്. മൂന്ന് മാസത്തിനകം അന്വേഷണം നടത്തി റിപ്പോർട് നൽകാനാണ് കോടതി നിർദ്ദേശം. അതിനിടെ, ഗവർണർക്കെതിരെ സിദ്ധരാമയ്യ നൽകിയ ഹരജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു.
കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നൽകിയ അനുമതിക്കെതിരെ നൽകിയ ഹരജിയാണ് തള്ളിയത്. സാധാരണ ഗവർണർ മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. എന്നാൽ, അസാധാരണ സാഹചര്യത്തിൽ ഗവർണർക്ക് സ്വന്തം നിലയിൽ തീരുമാനിക്കാം. അത്തരമൊരു സാഹചര്യം ആണെന്നായിരുന്നു ഹൈക്കോടതിയുടെ പരാമർശം. ജസ്‌റ്റിസ് നാഗപ്രസന്നയുടെ ബെഞ്ചാണ് വിധി പറഞ്ഞത്.
അതോറിറ്റി വഴി സിദ്ധാരാമയ്യയുടെ ഭാര്യ ബിഎൻ പാർവതിക്ക് അനധികൃതമായി മൈസൂരുവിലെ കണ്ണായ ഭാഗത്ത് 3.17 ഏക്കർ ഭൂമി നൽകിയെന്നാണ് കേസ്. നേരത്തെ മുഡയ്‌ക്ക് വേണ്ടി സിദ്ധാരാമയ്യയുടെ ഭാര്യ കുടുംബസ്വത്തായി കിട്ടിയ കുറച്ചു ഭൂമി കൈമാറിയിരുന്നു. ഇതിന് പകരമായി അനധികൃതമായി വൻതോതിൽ ഭൂമി കൈമാറ്റം നടന്നെന്നാണ് കേസ്.
Most Read| ബലാല്‍സംഗക്കേസ്; സിദ്ദിഖിന്റെ അറസ്‌റ്റ് തടഞ്ഞ് സുപ്രീം കോടതി





































