കൊച്ചി: ഡിവൈഎഫ്ഐ പ്രവർത്തകൻ തൂണേരി ഷിബിൻ വധക്കേസിലെ പ്രതികളായ മുസ്‌ലിം ലീഗ് പ്രവർത്തകർ ഉൾപ്പടെ ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് ഹൈക്കോടതി. വിചാരണാക്കോടതി വിട്ടയച്ച പ്രതികൾക്കാണ് ഹൈക്കോടതി ജീവപര്യന്തം ശിക്ഷയും 1.10 ലക്ഷം രൂപ വീതം പിഴയും ചുമത്തിയത്.
ഇതിൽ അഞ്ചുലക്ഷം രൂപ കൊല്ലപ്പെട്ട ഷിബിന്റെ പിതാവിനും ബാക്കിയുള്ള തുക പരിക്കേറ്റവർക്കും തുല്യമായി നൽകണമെന്ന് ജസ്‌റ്റിസുമാരായ പിബി സുരേഷ് കുമാർ, സി പ്രദീപ് കുമാർ എന്നിവർ വിധിന്യായത്തിൽ വ്യക്‌തമാക്കി.
കേസിലെ ഒന്നാംപ്രതി ഒളിവിലുള്ള കോടഞ്ചേരി തൂണേരി മീത്തലെ പുനച്ചിക്കണ്ടി തെയ്യമ്പാടി വീട്ടിൽ ഇസ്‌മയിൽ, രണ്ടാംപ്രതി സഹോദരൻ മുനീർ, നാലാം പ്രതി വാറങ്കി താഴേക്കുനി വീട്ടിൽ സിദ്ദിഖ്, അഞ്ചാംപ്രതി മണിയന്റവിട വീട്ടിൽ മുഹമ്മദ് അനീസ്, ആറാംപ്രതി കളമുളത്തിൽ കുനി ശുഹൈബ്, 15ആം പ്രതി കൊഞ്ചന്റവിട ജാസിം, 16ആം പ്രതി കടയങ്കോട്ടുമ്മൽ സമദ് എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഇവർക്കൊപ്പം വിചാരണക്കോടതി വിട്ടയച്ചിരുന്ന മൂന്നാം പ്രതി കാളിയാറമ്പത്ത് അസ്‍ലമും കുറ്റക്കാരനാണെന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എന്നാൽ, വിചാരണാക്കോടതി വിട്ടയച്ചതിന് പിന്നാലെ അസ്‍ലമിനെ ഓഗസ്‌റ്റ് 12ന് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. പ്രതികൾ ഓരോരുത്തരും 1.10 ലക്ഷം രൂപ പിഴയടക്കണമെന്നും കോടതി വ്യക്‌തമാക്കിയിട്ടുണ്ട്.
2015 ജനുവരി 22ന് രാത്രിയാണ് ഡിവൈഎഫ്ഐ പ്രവർത്തകനായ ഷിബിൻ കൊല്ലപ്പെട്ടത്. 17 പേരെയാണ് കേസിൽ അറസ്‌റ്റ് ചെയ്‌തിരുന്നത്. ലീഗ് പ്രവർത്തകരായ മുഴുവൻ പേരെയും വിചാരണക്കോടതി വിട്ടയച്ചിരുന്നു. ഇതിനെതിരെ സർക്കാരും ഷിബിന്റെ പിതാവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി കണ്ടെത്തിയത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും