ഒട്ടാവ: കാനഡയിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് മാറ്റിവെച്ചു. സുരക്ഷാ കാരണങ്ങളാലാണ് കാനഡയിലെ ബ്രാംപ്‌ടണിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ നടത്താനിരുന്ന ചടങ്ങ് മാറ്റിവെച്ചത്. ഖലിസ്‌ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതായാണ് റിപ്പോർട്.
ഹിന്ദു, സിഖ് വിഭാഗക്കാർക്കായി ഈ മാസം 17നാണ് സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിന് ക്യാംപ് നടത്താൻ തീരുമാനിച്ചത്. ആക്രമത്തിന് സാധ്യതയുള്ളതിനാൽ ക്യാംപ് മാറ്റിവെക്കുകയാണെന്നാണ് ബ്രാംപ്‌ടൺ ത്രിവേണി കമ്യൂണിറ്റി സെന്റർ അധികൃതരുടെ വിശദീകരണം. പോലീസ് മതിയായ സുരക്ഷ ഒരുക്കണമെന്നും അവർ അഭ്യർഥിച്ചു.
നവംബർ മൂന്നിന് ക്ഷേത്രത്തിൽ നടന്ന ക്യാംപിലേക്ക് ഖലിസ്‌ഥാനി സംഘടനയിൽ ഉള്ളവർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഖലിസ്‌ഥാൻ പതാകയും വടിയുമായി അതിക്രമിച്ച് കയറിയ സംഘം ക്ഷേത്രപരിസരത്ത് ഉണ്ടായിരുന്നവരെ മർദ്ദിക്കുകയായിരുന്നു. ഹിന്ദുമഹാസഭയുടെ ഉടമസ്‌ഥതയിലുള്ള ക്ഷേത്രത്തോട് ചേർന്ന് പ്രവർത്തിച്ചിരുന്ന കോൺസുലർ ക്യാമ്പിന് നേരെയായിരുന്നു ആക്രമണം.
ആക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചിരുന്നു. കാനഡയിലെ ഇന്ത്യൻ പൗരരുടെ സുരക്ഷയെക്കുറിച്ച് അതീവ ഉത്‌കണ്‌ഠയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എല്ലാ ആരാധനാലയങ്ങളിലും സംരക്ഷിക്കപ്പെടണമെന്ന് കാനഡയോഡ് ആവശ്യപ്പെട്ടു. ഇന്ത്യാവിരുദ്ധ ശക്‌തികൾ നടത്തിയ ആക്രമണത്തെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷനും അപലപിച്ചിരുന്നു.
Most Read| ‘ഒരു മതവും മലിനീകരണം പ്രോൽസാഹിപ്പിക്കുന്നില്ല’; ഡെൽഹിയിൽ നിയന്ത്രണം വേണം’