വയനാട്ടിലെ ഹർത്താൽ അംഗീകരിക്കാനാവില്ല; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഹർത്താൽ മാത്രമാണോ ഏക സമര മാർഗമെന്ന് ചോദിച്ച കോടതി, വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയതെന്ന് ഓർക്കണമെന്നും വ്യക്‌തമാക്കി.

By Senior Reporter, Malabar News
high-court
Ajwa Travels

കൊച്ചി: വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ നടത്തിയതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. നിരുത്തരവാദപരമായ സമീപനമെന്നാണ് ഹൈക്കോടതിയുടെ വിമർശനം. പെട്ടെന്നുള്ള ഹർത്താൽ അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്‌തമാക്കി.

ഹർത്താലിനെ എങ്ങനെ ന്യായീകരിക്കുമെന്ന് കോടതി ചോദിച്ചു. അധികാരത്തിലിരിക്കുന്ന എൽഡിഎഫും ഹർത്താൽ നടത്തിയത് എന്തിനെന്നും കോടതി ആരാഞ്ഞു. ഹർത്താൽ മാത്രമാണോ ഏക സമര മാർഗമെന്ന് ചോദിച്ച കോടതി, വലിയ ദുരന്തം സംഭവിച്ച മേഖലയിലാണ് ഹർത്താൽ നടത്തിയതെന്ന് ഓർക്കണമെന്നും വ്യക്‌തമാക്കി.

ജസ്‌റ്റിസുമാരായ എകെ ജയശങ്കരൻ നമ്പ്യാർ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. വയനാട് ദുരന്തം കോടതിയുടെ പരിഗണനയിലും മേൽനോട്ടത്തിലുമുള്ള വിഷയമാണെന്ന് ജസ്‌റ്റിസ്‌ ജയശങ്കരൻ നമ്പ്യാർ ചൂണ്ടിക്കാട്ടി.

”ഹർത്താൽ ജനവിരുദ്ധമാണ്. ഇതിനെതിരെ നേരത്തെ തന്നെ കോടതി വിധിയുണ്ട്. ഹർത്താൽ നടത്തില്ല എന്നോ മറ്റോ യുഡിഎഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എൽഡിഎഫ് അധികാരത്തിൽ ഉള്ളവരാണ്. എന്നിട്ടും ഹർത്താൽ നടന്നു. കഷ്‌ടമാണ് കാര്യങ്ങൾ. ഇത്തരം കാര്യങ്ങൾ ഇനിയും അനുവദിക്കാൻ സാധിക്കില്ല. ജനങ്ങൾക്ക് മോശം അവസ്‌ഥയുണ്ടാക്കുക എന്നല്ലാതെ ഹർത്താൽ നടത്തിയിട്ട് എന്താണ് കിട്ടിയത്”- കോടതി ചോദിച്ചു.

”കേന്ദ്ര സഹായം നൽകിയില്ലെങ്കിൽ ഹർത്താൽ നടത്തിയാൽ സഹായം ലഭിക്കുമോ എന്നും കോടതി ചോദിച്ചു. ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചാണ് ഹർത്താൽ നടത്തുന്നത്. അപ്രതീക്ഷിതമായ ഇത്തരം ഹർത്താലുകൾ പ്രഖ്യാപിക്കുമ്പോൾ പേടി മോളംണ് ആളുകൾ പുറത്തിറങ്ങാത്തത്. മനുഷ്യരുടെ ഭയത്തെ മുതലെടുക്കുകയാണ്. ഇത് ജനങ്ങളോട് ചെയ്യുന്ന അനീതിയാണ്”- കോടതി വ്യക്‌തമാക്കി.

ദുരന്തമേഖലയെ ബാധിക്കുന്ന ഹർത്താൽ നിരാശപ്പെടുത്തുന്നു. ഹർത്താലിനെതിരായ അതൃപ്‌തി സർക്കാരിനെ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേന്ദ്ര സഹായം വൈകുന്നതിനെതിരെയാണ് ഈ മാസം 19ന് വയനാട്ടിൽ എൽഡിഎഫ്-യുഡിഎഫ് ഹർത്താൽ നടത്തിയത്. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയായിരുന്നു ഹർത്താൽ. വ്യാപാരി വ്യവസായി ഏകോപന സമിതി ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.

പുനരധിവാസം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്‌ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും ആരോപിച്ച് യുഡിഎഫാണ് ആദ്യം ഹർത്താൽ പ്രഖ്യാപിച്ചത്. പിന്നാലെ ഉരുൾപൊട്ടൽ പുനരധിവാസത്തിന് ഫണ്ട് നൽകാത്ത കേന്ദ്ര നയത്തിനെതിരെ എൽഡിഎഫും ഹർത്താൽ പ്രഖ്യാപിക്കുകയായിരുന്നു.

Most Read| നിജ്‌ജാർ വധത്തിൽ മോദിക്ക് പങ്കുണ്ടെന്ന് റിപ്പോർട്; നിഷേധിച്ച് കനേഡിയൻ സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE