പനയംപാടം വാഹനാപകടം; സംയുക്‌ത സുരക്ഷാ പരിശോധനയുടെ റിപ്പോർട് ഇന്ന് കൈമാറും

അതേസമയം, അപകടത്തിന് ശേഷം കരിമ്പ ഹയർ സെക്കൻഡറി സ്‌കൂൾ ഇന്ന് തുറക്കും. രാവിലെ ഒമ്പതിന് സ്‌കൂളിൽ അനുശോചന യോഗയും ചേരും.

By Senior Reporter, Malabar News
panayampadam accident
Ajwa Travels

പാലക്കാട്: പനയംപാടത്ത് ലോറി ദേഹത്തേക്ക് മറിഞ്ഞ് എട്ടാം ക്ളാസ് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ സംയുക്‌ത സുരക്ഷാ പരിശോധനയുടെ റിപ്പോർട് ഇന്ന് ജില്ലാ കളക്‌ടർക്ക് കൈമാറും. പ്രദേശത്ത് അപകടങ്ങൾ കുറയ്‌ക്കാൻ വേണ്ട നിർദ്ദേശങ്ങൾ റിപ്പോർട്ടിൽ മുന്നോട്ടുവെക്കും.

പനയംപാടത്ത് സ്‌ഥിരം മീഡിയൻ സ്‌ഥാപിക്കുക, ചുവന്ന സിഗ്‌നൽ ഫ്‌ളാഷ് ലൈറ്റുകൾ, വേഗത കുറയ്‌ക്കാനുള്ള ബാരിയർ, റിംപിൾ സ്ട്രിപ് എന്നിവ ഉടൻ സ്‌ഥാപിക്കണം, റോഡിലെ മിനുസമുള്ള ഭാഗം പരുക്കനാക്കണം തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ. ഇതിനുപുറമെ ഗതാഗത മന്ത്രി സ്‌ഥലം സന്ദർശിച്ച ശേഷം നൽകിയ നിർദ്ദേശങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

വളവ് നികത്തൽ ഉൾപ്പടെയുള്ള കാര്യങ്ങളിൽ ദേശീയപാത അതോറിറ്റി പൊതുമരാമത്ത് ദേശീയപാത വിഭാഗം ഉദ്യോഗസ്‌ഥർ വീണ്ടും പരിശോധന നടത്തും. അതേസമയം, അപകടത്തിന് ശേഷം കരിമ്പ ഹയർ സെക്കൻഡറി സ്‌കൂൾ ഇന്ന് തുറക്കും. രാവിലെ ഒമ്പതിന് സ്‌കൂളിൽ അനുശോചന യോഗയും ചേരും.

അതിനിടെ, സംസ്‌ഥാനത്ത്‌ റോഡപകടങ്ങൾ കുറയ്‌ക്കാനുള്ള കർമ പരിപാടികൾ തയ്യാറാക്കാനായി ക്രമസമാധാന ചുമതലയുള്ള എഡിജിപി വിളിച്ച യോഗം ഇന്ന് ചേരും. ഒരുമണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം. ജില്ലാ പോലീസ് മേധാവിമാർ, റേഞ്ച് ഡിഐജി, ഐജിമാരും യോഗത്തിൽ പങ്കെടുക്കും. സംസ്‌ഥാനത്തെ ബ്ളാക് സ്‌പോട്ടുകൾ കേന്ദ്രീകരിച്ച് സ്വീകരിക്കേണ്ട നടപടികളാണ് ഇന്ന് പ്രധാനമായും ചർച്ച ചെയ്യുന്നത്.

റോഡപകടങ്ങൾ കുറയ്‌ക്കാൻ ഗതാഗത വകുപ്പുമായി ചേർന്ന് രാത്രിയും പകലും പരിശോധന കർശനമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. വാഹന പരിശോധനയും മദ്യപിച്ചുള്ള വാഹനമോടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിങ് ഓപ്പറേഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

പരീക്ഷയെഴുതി സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് നടന്നുപോകുമ്പോൾ ലോറി ദേഹത്തേക്ക് മറിഞ്ഞാണ് കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ളാസ് വിദ്യാർഥിനികൾ മരിച്ചത്. ഈ മാസം 12നായിരുന്നു അപകടം. പാലക്കാട് നിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് സിമന്റ് കയറ്റിപ്പോയ ലോറി എതിർദിശയിൽ വന്ന മറ്റൊരു ലോറിയുടെ പിൻഭാഗത്ത് ഇടിച്ചു ഇടതുവശത്തേക്ക് പാഞ്ഞു കയറി വിദ്യാർഥിനികളുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

ചെറുള്ളി പള്ളിപ്പുറം അബ്‌ദുൽ സലാമിന്റെയും ഫാരിസയുടെയും മകൾ പിഎ ഇർഫാന ഷെറിൻ (13), പെട്ടേത്തൊടി അബ്‌ദുൽ റഫീഖിന്റേയും ജസീനയുടെയും മകൾ റിദ ഫാത്തിമ (13), കവുളേങ്ങിൽ സലീമിന്റെയും നബീസയുടെയും മകൾ നിദ ഫാത്തിമ (13), അന്തിക്കൽ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകൾ എഎസ് ആയിഷ (13) എന്നിവരാണ് മരിച്ചത്.

Most Read| ജീവന് ഭീഷണിയാകുന്ന വീട്ടുപ്രസവങ്ങൾ വർധിക്കുന്നു; മലപ്പുറം ജില്ല മുന്നിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE