കോഴിക്കോട്: പത്താം ക്ളാസിലെ കെമിസ്‌ട്രി പരീക്ഷയുടെ ചോദ്യപേപ്പർ ചോർത്തിയ കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്. ഷുഹൈബ് വിദേശത്തേക്ക് കടക്കുന്നത് തടയാനാണ് നടപടി.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും ഷുഹൈബ് ഇന്നലെയും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിൽ ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പോലീസ് നടപടി. ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ചാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.
പ്രാഥമിക അന്വേഷണത്തിന്റെ അടിസ്‌ഥാനത്തിലാണ് എഫ്‌ഐആർ ഇട്ടതും ഷുഹൈബിനെ അടക്കം പ്രതി ചേർത്തതും. തട്ടിപ്പ്, വിശ്വാസ വഞ്ചന ഉൾപ്പടെ ഏഴ് വകുപ്പുകൾ ചുമത്തിയാണ് സ്‌ഥാപനത്തിനെതിരെ ക്രൈം ബ്രാഞ്ച് എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്. എംഎസ് സൊല്യൂഷൻസിനെതിരായ തെളിവുകൾ അധ്യാപകർ കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു.
മുൻ പരീക്ഷകളിലെ ചോദ്യക്കടലാസുകളും ചോർന്നെന്ന് വ്യക്‌തമാക്കുന്ന തെളിവുകൾ വിവിധ വിഷയങ്ങളുടെ അധ്യാപകർ തന്നെയാണ് നൽകിയത്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്‌ഥരുടെയും നേരത്തെ പരാതി നൽകിയ അധ്യാപകരുടെയും മൊഴിയെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് അന്വേഷണ സംഘം കേസ് രജിസ്‌റ്റർ ചെയ്‌തത്. മറ്റു സ്വകാര്യ ട്യൂഷൻ സെന്ററുകളെയും അന്വേഷണ സംഘം നിരീക്ഷിക്കുന്നതായാണ് വിവരം.
എംഎസ് സൊല്യൂഷൻസിൽ പരിശോധന നടത്തുകയും സ്‌ഥാപനത്തിന്റെ ലാപ്ടോപ്, ഹാർഡ് ഡിസ്‌ക് ഉൾപ്പടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും മറ്റു രേഖകളും മൊബൈൽ ഫോണും ക്രൈം ബ്രാഞ്ച് പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. മൊബൈൽ ഫോൺ, ലാപ്ടോപ്പ്, കമ്പ്യൂട്ടർ എന്നിവ ഫൊറൻസിക് പരിശോധനക്ക് അയക്കും. മൊബൈൽ ഡാറ്റ ഫോർമാറ്റ് ചെയ്‌ത നിലയിലാണ് ലഭിച്ചത്.
Most Read| ഐഇഎസ് പരീക്ഷയിൽ യോഗ്യത നേടിയവരിൽ മലയാളി തിളക്കം; അഭിമാനമായി അൽ ജമീല