കൊച്ചി: മുനമ്പം വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട റിപ്പോർട് ഫെബ്രുവരിയിൽ തന്നെ സമർപ്പിക്കുമെന്ന് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. മുനമ്പം സമരപ്പന്തലിലും പ്രശ്നങ്ങൾ നേരിടുന്ന മേഖലകളിലും സന്ദർശനം നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മുനമ്പത്തെ ഭൂമിയിൽ വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനാണ് ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ. വസ്തു പണം കൊടുത്ത് വാങ്ങിച്ചവർക്ക് അത് കിട്ടുന്നുണ്ടോ എന്ന കാര്യം പ്രധാനമാണെന്ന് ജസ്റ്റിസ് പറഞ്ഞു.
സാധാരണക്കാരായ ആളുകൾ വർഷങ്ങളായി താമസിക്കുന്ന സ്ഥലമാണ്. വഖഫ് ബോർഡിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം കിട്ടേണ്ടതുണ്ട്. ഈ മാസം പത്തിന് ശേഷം ഹിയറിങ് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ അന്തിമ റിപ്പോർട് സമർപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, കോട്ടപ്പുറം രൂപത ബിഷപ് ഡോ. അബ്രോസ് പുത്തൻവീട്ടിലിന്റെ നേതൃത്വത്തിൽ സമരസമിതി പ്രവർത്തകരും വഖഫ് സംരക്ഷണ സമിതി പ്രവർത്തകരും കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മുനമ്പം സമരം 85 ദിവസം പിന്നിട്ടിരിക്കുന്ന ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കമ്മീഷൻ മുനമ്പത്ത് എത്തിയത്.
ഫോർട്ട് കൊച്ചി സബ് കളക്ടർ കെ മീര, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവരും ജസ്റ്റിസ് രാമചന്ദ്രൻ നായർക്കൊപ്പമുണ്ടായിരുന്നു. സമരപ്പന്തലിൽ എത്തിയ അദ്ദേഹത്തിന് മുന്നിൽ മുനമ്പത്തെ ജനങ്ങൾ തങ്ങളുടെ പ്രയാസങ്ങൾ അറിയിച്ചു. ഇവരെയെല്ലാം കേട്ട ശേഷമാണ് അദ്ദേഹം പ്രദേശങ്ങൾ ചുറ്റിക്കണ്ടത്.
Most Read| ആറുദിവസം കൊണ്ട് 5,750 മീറ്റർ ഉയരം താണ്ടി; കിളിമഞ്ചാരോ കീഴടക്കി മലയാളി പെൺകുട്ടി