കൊച്ചി: ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്‌റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി. വിശദമായ ഉത്തരവ് ഉച്ച കഴിഞ്ഞ് 3.30ന് പുറപ്പെടുവിക്കും. ജാമ്യാപേക്ഷയിൽ വിധി കേട്ട ജസ്‌റ്റിസ് പിവി കുഞ്ഞികൃഷ്‌ണൻ ജാമ്യം അനുവദിക്കുമെന്ന് വാക്കാൽ പറയുകയായിരുന്നു.
സംഭവത്തിൽ ബോബിയുടെ രൂക്ഷ ഭാഷയിൽ വിമർശിച്ചെങ്കിലും ജാമ്യം അനുവദിക്കാമെന്ന നിലപാടിൽ കോടതി എത്തുകയായിരുന്നു. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ എതിർത്തെങ്കിലും പോലീസ് കസ്‌റ്റഡി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും ഇനിയും എന്തിനാണ് റിമാൻഡിൽ പാർപ്പിക്കുന്നതെന്നും കോടതി ചോദിച്ചു.
ബോബിക്ക് ജാമ്യം നൽകരുതെന്നും സമൂഹത്തിന് ശക്‌തമായ സന്ദേശം നൽകുന്നതായിരിക്കും വിധിയെന്നും പ്രോസിക്യൂഷൻ പറഞ്ഞു. തുടർന്ന് ബോബി ചെമ്മണ്ണൂർ നൽകിയ അഭിമുഖങ്ങളും പ്രസ്‌താവനകളും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് കേട്ടാൽ ദ്വയാർഥമാണെന്ന് മലയാളികൾക്ക് മനസിലാകുമല്ലോ എന്ന് കോടതി പ്രതിഭാഗം അഭിഭാഷകനോട് ആരാഞ്ഞു. ഹണി റോസ് അത്ര പ്രധാനപ്പെട്ട അഭിനേത്രിയല്ല തുടങ്ങിയ കാര്യങ്ങളൊക്കെ എന്തിനാണ് ജാമ്യാപേക്ഷയിൽ പറഞ്ഞിരിക്കുന്നതിനും കോടതി ചോദിച്ചു.
ബോബി കൈയിൽ പിടിച്ചു കറക്കിയപ്പോൾ ഹണി റോസ് എതിർപ്പ് പറഞ്ഞില്ല തുടങ്ങിയ പ്രതിഭാഗത്തിന്റെ വാദത്തിനോട്, അത് അവരുടെ മാന്യത കൊണ്ടാണെന്നാണ് കോടതി പ്രതികരിച്ചത്. റിമാൻഡ് തുടരണമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും അനുകൂലമായല്ല കോടതി പ്രതികരിച്ചത്. എന്തിനാണ് ഇനിയും അതിന്റെ ആവശ്യമെന്ന് കോടതി ചോദിച്ചു.
ഹണി റോസിന്റെ പരാതിയിൽ കഴിഞ്ഞ ബുധനാഴ്‌ച അറസ്‌റ്റിലായ ബോബിയെ പിറ്റേന്ന് എറണാകുളം ഫസ്‌റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്‌ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും കേസിൽ അടിയന്തിര പ്രാധാന്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു.
Most Read| സൂക്ഷിച്ചോളൂ, ഈ നഗരത്തിലെത്തിയാൽ ഭിക്ഷ കൊടുക്കരുത്! പോലീസ് കേസ് പിന്നാലെ വരും








































