തൃശൂർ: അതിരപ്പിള്ളി വനമേഖലയിൽ മസ്‌തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടിവെച്ചു. ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടിവെച്ചത്. നാലുതവണ വെടിവെച്ചതിൽ ഒരെണ്ണം ആനയുടെ പിൻകാലിലേറ്റു. ആന നിയന്ത്രണത്തിലായെന്നും ചികിൽസ ആരംഭിച്ചെന്നും വനംവകുപ്പ് അറിയിച്ചു.
അതിരപ്പിള്ളി കാലടി പ്ളാന്റേഷന്റെ റബർ തോട്ടത്തിലാണ് ആന നിലയുറപ്പിച്ചിരുന്നത്. ദിവസങ്ങൾ നീണ്ട ദുഷ്‌കരമായ ദൗത്യത്തിനൊടുവിലാണ് ആനയ്‌ക്ക് മയക്കുവെടിവെച്ചത്. കാട്ടാന 15 മുതൽ ഈ പരിസരത്തുണ്ട്. ഇടവിട്ട ദിവസങ്ങളിൽ ആനയെ കണ്ടതിനെ തുടർന്നാണ് വനംവകുപ്പ് നിരീക്ഷണം ആരംഭിച്ചതും വെടിവെച്ചു മയക്കി ചികിൽസിക്കാൻ തീരുമാനിച്ചതും.
20 അംഗങ്ങളുള്ള ദൗത്യസംഘം വിപുലപ്പെടുത്തിയായിരുന്നു അന്വേഷണം. ഇന്ന് രാവിലെ മുതൽ കൂട്ടമായി നിന്നിരുന്ന ആന കൂട്ടത്തിൽ നിന്ന് മാറിയ അവസരത്തിലാണ് മയക്കുവെടി വെച്ചത്. ചികിൽസ നൽകി കാട്ടിൽ വിടാനാണ് തീരുമാനം. ആന തീറ്റയെടുക്കുകയും കിലോമീറ്ററുകളോളം സഞ്ചരിക്കുകയും ചെയ്യുന്നതിനാൽ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെന്നാണ് നിഗമനം. മറ്റൊരു ആന യുമായി കൊമ്പുകോർത്തപ്പോൾ കുത്തേറ്റതാണെന്നാണ് കരുതുന്നത്.
Most Read| ട്രംപിന് തിരിച്ചടി; ജൻമാവകാശ പൗരത്വം നിർത്തലാക്കാനുള്ള ഉത്തരവിന് സ്‌റ്റേ







































