യമുന നദിയിൽ വിഷം കലർത്തുന്നെന്ന ആരോപണം; കെജ്‌രിവാളിന് ഹരിയാന കോടതിയുടെ സമൻസ്

ഡെൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുന നദിയിൽ വിഷം കലർത്തുന്നെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. ആരോപണത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയിരുന്നു.

By Senior Reporter, Malabar News
  Aravind Kejriwal 
Ajwa Travels

ന്യൂഡെൽഹി: യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നെന്ന ആരോപണത്തിൽ ആംആദ്‌മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് സമൻസ് അയച്ച് ഹരിയാന കോടതി. ഫെബ്രുവരി 17ന് മുൻപ് കോടതിയിൽ ഹാജരാകണമെന്നും അല്ലാത്തപക്ഷം നിയമപ്രകാരമുള്ള നടപടികൾ നേരിടുമെന്നും അറിയിച്ചുകൊണ്ടാണ് സമൻസ്.

ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കണമെന്നും കോടതി കെജ്‌രിവാളിന് നിർദ്ദേശം നൽകി. ഡെൽഹിയുടെ കുടിവെള്ള വിതരണം തകർക്കാൻ ഹരിയാനയിലെ ബിജെപി സർക്കാർ യമുന നദിയിൽ വിഷം കലർത്തുന്നെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.

ജലത്തിൽ കലരുന്ന വിഷം ശുദ്ധീകരണ പ്ളാന്റുകളിൽ ശുചീകരിക്കാൻ കഴിയുന്നില്ല. ഡെൽഹിയിലെ ജനങ്ങളുടെ സുരക്ഷയ്‌ക്കായി പല പ്രദേശങ്ങളിലും ജലവിതരണം നിർത്തണമെന്നും കെജ്‌രിവാൾ പറഞ്ഞിരുന്നു. വെള്ളത്തിൽ അമോണിയയുടെ നില ഉയർന്ന പശ്‌ചാത്തലത്തിലായിരുന്നു കെജ്‌രിവാളിന്റെ ആരോപണങ്ങൾ.

അതേസമയം, കെജ്‌രിവാളിന്റെ ആരോപണത്തിൽ ഹരിയാന മുഖ്യമന്ത്രി നായബ് സെയ്‌നി യമുനയിലെ വെള്ളം കുടിച്ച് പ്രതിഷേധിച്ചിരുന്നു. ഇതിന്റെ വീഡിയോ പങ്കുവെക്കുകയും ചെയ്‌തു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആരോപണത്തിന് മറുപടിയുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി കുടിക്കുന്ന വെള്ളത്തിൽ ഹരിയാനയിലെ ബിജെപി സർക്കാർ വിഷം കലർത്തുമോ എന്ന് മോദി ചോദിച്ചു.

”യമുനയുടെ പേര് പറഞ്ഞാണ് അവർ വോട്ട് ചോദിച്ചത്. അവർക്കതിൽ ലജ്‌ജയില്ല. വെള്ളത്തിനായി ഡെൽഹിക്കാർ യാചിക്കണമെന്നാണ് അവരുടെ ആരോപണം. രാഷ്‌ട്രീയ നേട്ടത്തിനായി എഎപി പാപം ചെയ്‌തു. ചരിത്രം അവർക്ക് മാപ്പ് നൽകില്ല. ഡെൽഹിയും അവരെ വെറുതെവിട്ടില്ല. നിങ്ങൾക്ക് ശുദ്ധമായ വെള്ളം ബിജെപി തരും. ഹരിയാനക്കാരും ഡെൽഹിയിൽ താമസിക്കുന്നില്ലേ? അപ്പോൾ അവർ ഡെൽഹിയിലേക്കുള്ള വെള്ളത്തിൽ വിഷം കലക്കുമോ? ഈ വെള്ളം തന്നെയാണ് പ്രധാനമന്ത്രിയും കുടിക്കുന്നത്”- തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മോദി പറഞ്ഞു.

അതിനിടെ, വ്യാജ ആരോപണങ്ങൾ ഉയർത്തി ജനങ്ങളെ ആശങ്കപ്പെടുത്തുന്ന കെജ്‌രിവാളിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ഇന്ന് രാത്രി എട്ടുമണിക്കുള്ളിൽ നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിരുന്നു.

Most Read| നൂറാം ദൗത്യം; എൻവിഎസ്-02 വിക്ഷേപണം വിജയം, അഭിമാന നെറുകയിൽ ഐഎസ്ആർഒ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE