കൊച്ചി: കലൂർ രാജ്യാന്തര സ്‌റ്റേഡിയത്തിലെ റസ്‌റ്റോറന്റിൽ വെള്ളം തിളപ്പിക്കുന്ന ബോയ്‌ലർ പൊട്ടിത്തെറിച്ച് ഒരു മരണം. കടയിലെ ജീവനക്കാരനായിരുന്ന ബംഗാൾ സ്വദേശി സുമിത് ആണ് മരിച്ചത്. ജീവനക്കാരായ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
വൈകിട്ട് നാലുമണി കഴിഞ്ഞപ്പോഴായിരുന്നു അപകടം. വലിയ തിരക്കുള്ള സമയത്ത് സ്‌റ്റേഡിയത്തിന്റെ അടുത്ത പ്രദേശം മുഴുവൻ കേൾക്കുന്ന ശബ്‌ദത്തിലായിരുന്നു സ്‌ഫോടനം. ഇതിനടുത്ത് നിന്ന് ജോലി ചെയ്‌തിരുന്നവർക്കാണ് പരിക്കേറ്റത്. രണ്ട് സ്വകാര്യ ആശുപത്രികളിലും എറണാകുളം ജനറൽ ആശുപത്രിയിലുമായാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചത്.
വൈകാതെ സുമിത് മരിക്കുകയായിരുന്നു. ദേഹമാസകലം പൊള്ളിയ നിലയിലായിരുന്നു സുമിത് എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ബോയിലറിലെ മർദ്ദത്തിൽ വ്യത്യാസം വന്നതായിരിക്കാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, വിദഗ്‌ധ പരിശോധനയിലൂടെയേ ഇത് ബോധ്യമാകൂ. പോലീസ്, ഫയർ സർവീസ് തുടങ്ങിയവരെല്ലാം സംഭവ സ്‌ഥലത്തുണ്ട്.
Most Read| ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്






































