തിരുവനന്തപുരം: മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്കുള്ള പുനരധിവാസത്തിന് സംസ്‌ഥാന ബജറ്റിൽ 750 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. പുനരധിവാസത്തിന്റെ ആദ്യഘട്ടമായാണ് തുക അനുവദിച്ചത്. സിഎംഡിആർഎഫ്, എസ്‌ഡിഎംഎ, പൊതു-സ്വകാര്യ മേഖലകളിൽ നിന്നുള്ള ഫണ്ടുകൾ, സ്‌പോൺസർഷിപ്പുകൾ എന്നിവ ഇതിനായി വിനിയോഗിക്കും.
സർവീസ് പെൻഷൻ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡുവായ 600 കോടി ഫെബ്രുവരിയിൽ നൽകും. ശമ്പള പരിഷ്‌കരണ കുടിശികയുടെ രണ്ടുഗഡു ഈ സാമ്പത്തിക വർഷം തന്നെ അനുവദിക്കും. പിഎഫിൽ ലയിപ്പിക്കും. ഡിഎ കുടിശികയുടെ രണ്ടു ഗഡു ലഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.
ധനഞെരുക്കത്തിന്റെ തീക്ഷ്‌ണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്. സംസ്‌ഥാനം ധനഞെരുക്കം നേരിട്ടപ്പോൾ അത് മറച്ചുപിടിക്കാതെ തുറന്നുപറയാനാണ് സർക്കാർ ശ്രമിച്ചത്. ധനഞെരുക്കം വികസന പ്രവർത്തനത്തെ ബാധിച്ചില്ല. കേരളം ഒരു ടേക്ക്ഓഫിന് സജ്‌ജമായിരിക്കുകയാണെന്നും ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരം മെട്രോയ്‌ക്ക് വേണ്ടിയുള്ള പ്രവർത്തനം വേഗത്തിലാക്കും.
അതിവേഗ റെയിൽ പാതയ്‌ക്കായി ശ്രമം തുടരും. കാരുണ്യ പദ്ധതിക്കായി 700 കോടി രൂപ, പൊതുമരാമത്ത് പാലങ്ങൾക്കും റോഡുകൾക്കുമായി 3061 കോടി രൂപ, കേരളത്തെ ഹെൽത്ത് ടൂറിസം ഹബ്ബാക്കി മാറ്റാൻ 50 കോടി, തദ്ദേശ സ്‌ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയർത്തി. ജനറൽ പർപ്പസ് ഫണ്ടായി 2577 കോടി രൂപ. വ്യാവസായങ്ങൾക്കുള്ള ഭൂമിക്കായി ക്ളിക്ക് പോർട്ടൽ, തീരദേശ പാതയുടെ ഓരോ 25 കിലോമീറ്ററിലും ഭൂമി ഏറ്റെടുക്കും. ഉൾനാടൻ ജലഗതാഗതത്തിന് 500 കോടി രൂപ.
കൊല്ലത്ത് ഐടി പാർക്ക് സ്‌ഥാപിക്കും. രാജ്യാന്തര ജിസിസി കോൺക്ളേവ് സംഘടിപ്പിക്കാൻ രണ്ടുകോടി ജിസിസി കേന്ദ്രങ്ങൾക്കായി അഞ്ചുകോടി, വിഴിഞ്ഞത്തെ പ്രധാന ട്രാൻസ്‌ഷിപ്പ്മെന്റ് തുറമുഖമാക്കും. വിഴിഞ്ഞവുമായി ബന്ധപ്പെടുത്തി പ്രധാന വ്യവസായ ഇടനാഴി വികസിപ്പിക്കും. കേരളത്തിൽ ആൾ താമസമില്ലാതെ കിടക്കുന്ന വീടുകളുടെ സാധ്യതകൾ പരമാവധി മനസിലാക്കി ടൂറിസം അടിസ്‌ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തോടെയുള്ള സംരംഭമായ ‘കെ ഹോംസ്’ ആരംഭിക്കും.
Most Read| ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ നിരോധനം; ഉത്തരവിറക്കി ട്രംപ്