ന്യൂഡെൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ ഒപ്പിടാത്ത തമിഴ്നാട് ഗവർണർ ആർഎൻ രവിക്കെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ പിടിച്ചുവെക്കാൻ ഗവർണർ സ്വന്തമായി നടപടിക്രമം രൂപപ്പെടുത്തിയെന്നാണ് മനസിലാക്കുന്നതെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ബില്ലുകൾക്ക് അനുമതി നിഷേധിക്കുന്നത് എത്രയും വേഗം നിയമസഭയെ അറിയിക്കേണ്ടതല്ലേ എന്നും കോടതി ചോദിച്ചു. ഗവർണർ ആർഎൻ രവി മൂന്ന് വർഷമായി ബില്ലുകൾ പിടിച്ചുവെക്കുന്നത് ചോദ്യം ചെയ്യുന്ന ഹരജികൾ പരിഗണിക്കുന്ന ബെഞ്ച് ഗവർണറെ തുടർച്ചയായി രണ്ടാം ദിവസമാണ് വിമർശിക്കുന്നത്.
നടപടിയെടുക്കാതെ ഗവർണർക്ക് വെറുതെയിരിക്കാൻ കഴിയുമോയെന്ന് ജഡ്ജിമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവർ ചോദിച്ചു. എന്തെല്ലാം ഘടകങ്ങൾ പരിഗണിച്ചാണ് ബില്ലുകൾ രാഷ്ട്രപതിക്ക് വിടുന്നതെന്ന് അറിയാൻ താൽപര്യമുണ്ട്. ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ മാറ്റുന്നത് നിയമ വിരുദ്ധമാകുമോ എണ്ണത്തിലും വ്യക്തത തേടി.
ബില്ലുകൾ പിടിച്ചുവെക്കുമ്പോൾ നൽകേണ്ട മറുപടി അറിയിക്കണം. വിയോജിപ്പുണ്ടെങ്കിൽ ബിൽ മടക്കി അയക്കേണ്ടത് ഭരണഘടനയുടെ 200ആം വകുപ്പ് പ്രകാരം ഗവർണറുടെ ചുമതലയല്ലേ എന്നും കോടതി ചോദിച്ചു. കേസിൽ വസ്തുതാ പരിശോധന നടത്തുമെന്നും വ്യക്തമാക്കി. കേസിൽ പത്തിന് വാദം തുടരും.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ