തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും സംസ്‌ഥാന സർക്കാറിനെയും പുകഴ്‌ത്തിക്കൊണ്ടുള്ള ലേഖനം വിവാദമാവുകയും കോൺഗ്രസ് ഒറ്റക്കെട്ടായി തള്ളിപ്പറയുകയും ചെയ്‌തതോടെ നിലപാട് മയപ്പെടുത്തി ശശി തരൂർ എംപി. ഉമ്മൻ ചാണ്ടി സർക്കാരിൽ പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് ശശി തരൂർ സാമൂഹിമ മാദ്ധ്യമത്തിൽ കുറിച്ചു.
സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാങ്കേതികവിദ്യയ്‌ക്കും വ്യവസായ വളർച്ചയ്‌ക്കും പിന്തിരിഞ്ഞുനില്ല സമീപനങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നു എന്ന് പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു തരൂരിന്റെ ലേഖനം. ലേഖനത്തിലൂടെ കേരള സർക്കാറിനെയും പ്രതികരണത്തിലൂടെ പ്രധാനമന്ത്രിയെയും പ്രശംസിച്ച തരൂരിന്റെ നിലപാടിനെ കോൺഗ്രസ് ദേശീയ, സംസ്‌ഥാന നേതൃത്വം തള്ളിയിരുന്നു.
സ്‌റ്റാർട്ട് അപ് രംഗത്തെ വളർച്ചയും വ്യവസായ സൗഹൃദ റാങ്കിങ്ങിൽ കേരളം ഒന്നാമത് എത്തിയതും ചൂണ്ടിക്കാട്ടിയാണ് തരൂർ ഒരു ഇംഗ്ളീഷ് പാത്രത്തിൽ ലേഖനമെഴുതിയത്. നിക്ഷേപം ആകർഷിക്കാനുള്ള സംസ്‌ഥാന സർക്കാർ നടപടികളേയും തരൂർ അഭിനന്ദിച്ചിരുന്നു. യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപുമായി മോദി നടത്തിയ കൂടിക്കാഴ്‌ച പ്രതീക്ഷ നൽകുന്നതെന്നായിരുന്നു തരൂരിന്റെ പരസ്യ അഭിപ്രായ പ്രകടനം.
ശശി തരൂരിന്റെ ഫേസ്ബുക്ക് പൂർണരൂപം
”ഇന്ത്യൻ എക്‌സ്‌സിസിൽ വന്ന എന്റെ ലേഖനത്തിൽ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്ത് നേടിയ വ്യവസായ സാങ്കേതികവിദ്യ പുരോഗതി പരാമർശിക്കാത്തത് ചിലർ ചൂണ്ടിക്കാട്ടുകയുണ്ടായി. അത് മനപ്പൂർവ്വമല്ല. ആ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് നിലവിലെ സിപിഎം നേതൃത്വം നൽകുന്ന സർക്കാർ കഴിഞ്ഞ കാലങ്ങളിൽ സാകേതികവിദ്യയ്‌ക്കും വ്യവസായ വളർച്ചയ്‌ക്കും പിന്തിരിഞ്ഞു നിന്ന സമീപനങ്ങളിൽ ഒരു മാറ്റം വരുത്തിയിരിക്കുന്നു എന്ന് പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു.
ഉമ്മൻ ചാണ്ടി സർക്കാറിൽ വ്യവസായ സാങ്കേതികവിദ്യ വകുപ്പുകൾ കൈകാര്യം ചെയ്‌തിരുന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിക്കുകയും കേരളത്തിന് കാതലായ വളർച്ച നേടിക്കൊടുക്കുകയും ചെയ്‌തിട്ടുണ്ട്. കേരളത്തിൽ ആദ്യമായി ഗ്ളോബൽ ഇൻവെസ്‌റ്റർ മീറ്റ് എകെ ആന്റണി സർക്കാരിന്റെ കാലത്ത് നടത്തിയതും കുഞ്ഞാലിക്കുട്ടിയുടെ നേത്യത്വത്തിൽ ആയിരുന്നു.
സിപിഎമ്മിന്റെ ഇതുവരെയുള്ള പൊതുനയം ഇക്കാര്യത്തിൽ വ്യവസായ നിക്ഷേപ അനുകൂലമല്ലാതിരുന്നതിനാൽ മാറ്റങ്ങൾ വരുത്തിയെന്ന് നിലവിലെ വ്യവസായ മന്ത്രി പറയുകയും അവതരിപ്പിക്കുകയും ചെയ്‌ത കണക്കുകൾ ആയിരുന്നു എന്റെ ലേഖനത്തിന്റെ പ്രധാന പ്രതിപാദ്യം.”
Most Read| 124ആം വയസിലും 16ന്റെ ചുറുചുറുക്കിൽ ക്യൂ ചൈഷി മുത്തശ്ശി