കൊച്ചി: കാക്കനാട് ജിഎസ്ടി കമ്മീഷണറുടെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച് പോലീസ്. സഹോദരിയുടെ ജോലി നഷ്ടമായതിന്റെ മനോവിഷമത്തിലാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്ന സൂചനയാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അടുക്കളയിൽ രേഖകൾ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും ഡയറികുറിപ്പുകളും കണ്ടെത്തി.
ഇത് സഹോദരിയുടെ ജോലിയുമായി ബന്ധപ്പെട്ട രേഖകൾ ആകാമെന്നാണ് പോലീസിന്റെ നിഗമനം. ജാർഖണ്ഡ് സ്റ്റേറ്റ് സർവീസിൽ ജോലി ലഭിച്ച സഹോദരിക്ക് ജോലി നഷ്ടമായതിന്റെ മനോവിഷമം ഉണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്ന ഡയറിക്കുറിപ്പുകളും പോലീസിന് ലഭിച്ചെന്നാണ് സൂചന. മനീഷിന്റെ അമ്മയാണ് ആദ്യം മരിച്ചതെന്നാണ് സംശയിക്കുന്നത്. അതിന് ശേഷമാകാം മനീഷും സഹോദരിയും തൂങ്ങിമരിച്ചത്.
അമ്മയുടെ മരണം എങ്ങനെയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട് പുറത്തുവരുമ്പോൾ തെളിയുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. കൊച്ചി കച്ചേരിപ്പടിയിലുള്ള സെൻട്രൽ ടാക്സ് എക്സൈസ് ആൻഡ് കസ്റ്റംസ് ഓഫീസിലെ അഡീഷണൽ കമ്മീഷണറായ ജാർഖണ്ഡ് റാഞ്ചി സ്വദേശി മനീഷ് വിജയ്, സഹോദരി ശാലിനി വിജയ്, മാതാവ് ശകുന്തള അഗർവാൾ എന്നിവരെയാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇവർ താമസിച്ചിരുന്ന കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിലെ 114ആം നമ്പർ വീട്ടിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. 42 വയസുള്ള മനീഷ് വിജയ്യുടെ മൃതദേഹം ഹാളിനോട് ചേർന്നുള്ള വലത്തേ മുറിയിലും 35 വയസുള്ള സഹോദരിയുടേത് വീടിന് പിൻഭാഗത്തെ മുറിയിലും 80 വയസുകാരിയായ മാതാവിന്റേത് വീടിന്റെ ഇടത്തേ മുറിയിൽ പുതപ്പ് കൊണ്ട് മൂടി പൂക്കൾ വർഷിച്ച നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്.
മനീഷിന്റെ മുറിയിൽ നിന്ന് ഹിന്ദിയിൽ എഴുതിയ ഒരു ഡയറി പോലീസ് കണ്ടെടുത്തിരുന്നു. ‘ജീവിതത്തിലെ ചില നൈരാശ്യങ്ങൾ മൂലം’ മനീഷും മറ്റുള്ളവരും ജീവനൊടുക്കി എന്ന നിലയിലാണ് തൃക്കാക്കര പോലീസ് തയ്യാറാക്കിയ എഫ്ഐആറിൽ പറയുന്നത്. മൂവരുടെയും പോസ്റ്റുമോർട്ടം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ നടക്കും. ശേഷം മൃതദേഹം ജാർഖണ്ഡിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. മനീഷിന്റെ മറ്റൊരു സഹോദരി വിദേശത്തുണ്ട്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ








































