കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ വയോധികരായ ആദിവാസി ദമ്പതികൾക്ക് ദാരുണാന്ത്യം. ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്. ആറളം ഫാം ബ്ളോക്ക് 13ൽ ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചത്.
പുനരധിവാസ മേഖലയിൽ ഇന്ന് വൈകിട്ടോടെയാണ് സംഭവം. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് എത്തിയെങ്കിലും പ്രദേശവാസികൾ തടഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടായി. വനംവകുപ്പിനെതിരെ ജനം കടുത്ത പ്രതിഷേധമുയർത്തി. ആറളം പോലീസും ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ഉൾപ്പടെയുള്ളവരും സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്.
വിവരമറിഞ്ഞു സ്ഥലത്തെത്തിയ സണ്ണി ജോസഫ് എംഎൽഎയും പ്രദേശവാസികളുമായി ചർച്ച നടത്തുകയാണ്. പരിസരത്ത് കാട്ടാന നിലയുറപ്പിച്ചത് പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.
അതേസമയം, കാട്ടാന ആക്രമണം ദൗർഭാഗ്യകരമാണെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ പ്രതികരിച്ചു. കശുവണ്ടി ശേഖരിക്കാൻ ദമ്പതികൾ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പോയത്. പ്രദേശത്ത് നാട്ടുകാരുടെ പ്രതിഷേധമുണ്ട്. വേണ്ടതെല്ലാം ചെയ്യാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. അടിക്കാട് വെട്ടാത്തതിനാലാണ് ആനകൾ ഫാമിൽ തുടരുന്നത്. അടിക്കാട് വെട്ടാൻ തോട്ടമുടമകൾ സഹകരിക്കുന്നില്ല. ഫാമിൽ നിന്ന് ആനകളെ കാട്ടിലേക്ക് കയറ്റാനുള്ള നടപടികൾ ഇന്ന് തന്നെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
Most Read| ബ്രസീലിൽ 40 കോടി രൂപയ്ക്ക് വിറ്റു; നെല്ലോർ പശു ഒടുവിൽ ഗിന്നസ് ബുക്കിൽ







































