തിരുവനന്തപുരം: ആശാ വർക്കർമാരുടെ സമരത്തിന് പിന്നിൽ അരാജക സംഘടനകളാണെന്ന ആരോപണവുമായി സിപിഎം. ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കിയതാണ്. താൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നും സിപിഎം കേന്ദ്ര കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ എളമരം കരീം പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ ആരോപിച്ചു.
ചിലർ ആശാ വർക്കർമാരെ വ്യാമോഹിപ്പിച്ചു. പെമ്പിളൈ ഒരുമൈ സമരത്തിന് സമാനമാണ് ആശാ വർക്കർമാരുടെ സമരം. സംസ്‌ഥാനത്തെ മുഴുവൻ സംഘടനകളെയും അധിക്ഷേപിക്കുകയായിരുന്നു പെമ്പിളൈ ഒരുമൈ സമരം. കേന്ദ്ര പദ്ധതികൾ വ്യവസ്‌ഥകൾക്ക് അനുസരിച്ച് നടപ്പാക്കാനേ സംസ്‌ഥാനത്തിന് അധികാരമുള്ളൂ. എൻഎച്ച്എം ഫണ്ടിലേക്ക് കേന്ദ്രം നൽകേണ്ട 468 കോടി നൽകിയിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു.
ആശാ വർക്കർമാരുടെ വേതന വർധനവിൽ കാര്യമായി ഇടപെടൽ നടത്തിയത് ഇടതു സർക്കാരുകളാണെന്നും എളമരം കരീം ലേഖനത്തിൽ പറയുന്നുണ്ട്. സെക്രട്ടറിയേറ്റ് പടിക്കൽ ആശാ വർക്കർമാർ നടത്തുന്ന അനിശ്‌ചിതകാല സമരം 15ആം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് എളമരം കരീമിന്റെ ലേഖനം പുറത്തുവരുന്നത്. അതേസമയം, സമരത്തിന് ഐക്യദാർഢ്യവുമായി സാമൂഹിക-സാംസ്‌കാരിക- രാഷ്‌ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് സമരപ്പന്തലിലെത്തുന്നത്.
ഓണറേറിയം വർധിപ്പിക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വിഷയത്തിൽ തീരുമാനമാകാതെ പിൻമാറില്ലെന്ന നിലപാടിലാണ് സമരത്തിന് നേതൃത്വം നൽകുന്ന കേരള ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ. എന്നാൽ, സമരത്തെ പരിഗണിക്കേണ്ടെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് സർക്കാർ. രാജ്യത്ത് തന്നെ ഏറ്റവുമധികം ഓണറേറിയം നൽകുന്ന സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന വാദമാണ് സർക്കാർ മുന്നോട്ടുവെയ്‌ക്കുന്നത്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ