ലൊസാഞ്ചലസ്: 97ആംമത് ഓസ്‌കാർ അവാർഡുകൾ പ്രഖ്യാപിച്ചു. റെക്കോർഡുകൾ വാരിക്കൂട്ടിയിരിക്കുകയാണ് ഷോൺ ബേക്കർ സംവിധാനം ചെയ്‌ത ‘അനോറ’. മികച്ച ചിത്രം, സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ, നടി ഉൾപ്പടെ പ്രധാന നാല് പുരസ്‌കാരങ്ങളാണ് അനോറ സ്വന്തമാക്കിയത്.
സംവിധാനം, എഡിറ്റിങ്, അവലംബിത തിരക്കഥ എന്നിവ കൈകാര്യം ചെയ്‌തിരിക്കുന്നത് ഷോൺ ബേക്കറാണെന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. മൈക്കി മാഡിസൻ ആണ് മികച്ച നടി. ‘ദ് ബ്രൂട്ടലിസ്‌റ്റി’ലെ പ്രകടനത്തിന് ഏഡ്രിയൻ ബ്രോഡി മികച്ച നടനായി. മികച്ച സഹനടനുള്ള പുരസ്‌കാരമായിരുന്നു ഓസ്‌കാർ നിശയിലെ ആദ്യ പ്രഖ്യാപനം.
‘എ റിയൽ പെയ്ൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് കീറൻ കൾക്കിൻ മികച്ച സഹനടനായി. ‘എമിലിയെ പെരസി’ലൂടെ സോയി സൽദാന മികച്ച സഹനടിയായി. ‘ഫ്ളോ’ ആണ് മികച്ച ആനിമേറ്റഡ് ചിത്രം. ‘വിക്കെഡ്’ മികച്ച വസ്‌ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടി. ബ്രസീലിയൻ ചിത്രമായ ‘ഐ ആം സ്‌റ്റിൽ ഹിയർ’ ആണ് മികച്ച ഇതരഭാഷാ ചിത്രം.
അതേസമയം, ഏറ്റവുമധികം നോമിനേഷനുകൾ ലഭിച്ച എമിലിയെ പെരെസ്, ബ്രൂട്ടലിസ്‌റ്റ് എന്നീ സിനിമകൾക്ക് നിരാശയായിരുന്നു ഫലം. മികച്ച സിനിമയ്‌ക്കുള്ള ഓസ്‌കാറിനായി മൽസരിച്ച 10 എണ്ണത്തിലേക്ക് ഷാക് ഓഡിയയുടെ സ്‌പാനിഷ് മ്യൂസിക്കൽ എമിലിയെ പെരസിന് 13 നാമനിർദ്ദേശങ്ങളാണ് ലഭിച്ചത്. ഇംഗ്ളീഷ് ഇതര ഭാഷാ സിനിമയ്‌ക്ക് ഇത്രയധികം നാമനിർദ്ദേശം ഇതാദ്യമായിരുന്നു.
മികച്ച ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സിനിമയായ ‘അനുജ’ പുറത്താക്കപ്പെട്ടു. പ്രിയങ്ക ചോപ്രയും ഗുനീത് മോങ്കയും ചേർന്ന് നിർമിച്ചതാണിത്. ജനുവരി 23നാണ് നാമനിർദ്ദേശങ്ങൾ പ്രഖ്യാപിച്ചത്. അതേസമയം, ഓസ്‌കാറിന്റെ പ്രഥമ പരിഗണനാ പട്ടികയിൽ ഇടം നേടിയിരുന്ന ആടുജീവിതം, കങ്കുവ, ഓൾ വീ ഇമാജിൻ അസ് ലൈറ്റ് എന്നീ ചിത്രങ്ങൾ പ്രഥമ പരിഗണനാ പട്ടികയുടെ അവസാന ഫലത്തിൽ പുറത്തായിരുന്നു.
ലോസാഞ്ചലസിലെ ഹോളിവുഡ് ആൻഡ് ഹൈലാൻഡ് സെന്ററിലുള്ള ഡോൾബി തിയേറ്ററിലാണ് പുരസ്‌കാര വിതരണം. കൊമേഡിയനും അമേരിക്കൻ ടിവി ഷോ സ്‌റ്റാറുമായ കൊനാൻ ഒബ്രയോൺ ആണ് ഇത്തവണ ഓസ്‌കാറിലെ അവതാരകൻ. ഇതാദ്യമായാണ് ഒബ്രയോൺ അവതാരകനായി എത്തുന്നത്.
Most Read| ഇത് മിന്നൽ മുത്തശ്ശി, 25 അടി താഴ്‌ചയുള്ള കിണറ്റിലിറങ്ങി, നാലര വയസുകാരന് പുതുജീവൻ








































