ടെൽ അവീവ്: തൊഴിൽ തട്ടിപ്പിനിരയായി ഒരുമാസത്തിലേറെയായി വെസ്റ്റ് ബാങ്കിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരൻമാരെ മോചിപ്പിച്ചതായി ഇസ്രയേൽ. നിർമാണ തൊഴിലാളികളായ പത്തുപേരെയാണ് ഇസ്രയേൽ അധികൃതർ കണ്ടെത്തി തിരികെ ടെൽ അവീവിലെത്തിച്ചത്.
ഒരുമാസത്തിലേറെയായി തടങ്കലിലായിരുന്ന ഇന്ത്യയിൽ നിന്നുള്ള പത്തുപേരെ ഒറ്റരാത്രികൊണ്ട് രക്ഷപ്പെടുത്തിയതായി ഇസ്രയേൽ മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്തു. നിർമാണ പ്രവൃത്തികൾക്കായി ഇസ്രയേലിലെത്തിയവരാണ് തടവിലാക്കപ്പെട്ട തൊഴിലാളികൾ. ഇവരെ, ജോലി വാഗ്ദാനം ചെയ്ത് വെസ്റ്റ് ബാങ്കിൽ എത്തിക്കുകയായിരുന്നു.
അതേസമയം, മോചിതരായവരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേലിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇസ്രയേൽ സൈന്യവും നീതിന്യായ മന്ത്രാലയവും ചേർന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെയാണ് തൊഴിലാളികളെ രക്ഷപ്പെടുത്താനായത്. ഇവരുടെ പാസ്പോർട്ട് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചത് ഇസ്രയേൽ തിരിച്ചറിഞ്ഞതായും പിന്നീട് പാസ്പോർട്ട് തിരികെ നൽകിയതായും റിപ്പോർട്ടുകളുണ്ട്.
2023 ഒക്ടോബർ ഏഴിലെ ആക്രണത്തിന് ശേഷം പലസ്തീനിൽ നിന്നുള്ള നിർമാണ തൊഴിലാളികൾക്ക് ഇസ്രയേലിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിൽ ഏകദേശം 16,000ത്തോളം ഇന്ത്യൻ തൊഴിലാളികൾ ഇസ്രയേലിൽ എത്തിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ രീതിയിൽ ഇസ്രയേലിലെത്തിയ ഇന്ത്യക്കാരെയാണ് ബലമായി വെസ്റ്റ് ബാങ്കിൽ പിടിച്ചുവെച്ചത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ








































