ചരിത്രം സൃഷ്‌ടിച്ച് വിഴിഞ്ഞം തുറമുഖത്തിലെ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ. ഈ വനിതാ ദിനത്തിലും സ്‌ത്രീ ശാക്‌തീകരണത്തിന്റെ തിളങ്ങുന്ന മാതൃകയായിരിക്കുകയാണിവർ. വിഴിഞ്ഞം സ്വദേശികളായ ഏഴ് പേർ ഉൾപ്പടെ ഒമ്പത് വനിതാ ഓപ്പറേറ്റർമാരാണ് തുറമുഖത്തിലെ യാർഡ് ക്രെയിനുകളുടെ (സിആർഎംജി) പ്രവർത്തനം നിയന്ത്രിച്ചത്.
ആകെ 20 വനിതാ ക്രെയിൻ ഓപ്പറേറ്റർമാരാണ് വിഴിഞ്ഞത്ത് ജോലി ചെയ്യുന്നത്. രാജ്യത്താദ്യമായാണ് വനിതകൾ ഓട്ടോമേറ്റഡ് സിആർഎംജി ക്രെയിനുകളുടെ നിയന്ത്രണം ഏറ്റെടുക്കുന്നത്. വിഴിഞ്ഞം കോട്ടപ്പുറം പൂവാർ സ്വദേശിനികളായ പി പ്രിനു, എസ് അനിഷ, എൽ സുനിത രാജ്, ഡിആർ സ്‌റ്റെഫി റബീര, ആർഎൻ രജിത, വി ആശാലക്ഷ്‌മി, എവി ശ്രീദേവി, എൽ കാർത്തിക, ജെഡി നതാന മേരി എന്നിവരാണ് തുറമുഖത്തിൽ വനിതാ ക്രെയിൻ ഓപ്പറേറ്റർമാർ.
മൽസ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള വനിതകളും ടീമിലുണ്ട്. അതീവ വൈദഗ്‌ധ്യത്തോടെ ചെയ്യേണ്ട ജോലിയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. വനിതകൾ ക്രെയിൻ ഓപ്പറേറ്റ് ചെയ്യുന്നതിന്റെ വീഡിയോ പങ്കുവെച്ച വിഴിഞ്ഞം സീപോർട്ട് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്‌ടർ ദിവ്യ എസ് അയ്യർ ഇനിയും ഉയരങ്ങൾ കീഴടക്കാൻ നമ്മുടെ സഹോദരിമാർക്ക് കഴിയട്ടെ എന്ന് ആശംസിച്ചു.
പോർട്ട് യാർഡിലെ കണ്ടെയ്‌നറുകളുടെ നീക്കം ഓപ്പറേഷൻ സെന്ററിലെ അത്യാധുനിക റിമോട്ട് ഡെസ്‌ക് വഴിയാണ് നിയന്ത്രിക്കുന്നത്. സയൻസ് ഡിഗ്രി, പിജി യോഗ്യതയുള്ള ഇവർ അദാനി ഫൗണ്ടേഷന് കീഴിലുള്ള അദാനി സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ വിദഗ്‌ധ പരിശീലനവും പൂർത്തിയാക്കിയാണ് ജോലിയിൽ പ്രവേശിച്ചത്.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ