ബെംഗളൂരു: കർണാടകയിലെ ഹംപിയിൽ 27 വയസുകാരിയായ ഇസ്രയേലി ടൂറിസ്‌റ്റിനെയും 29 കാരിയായ ഹോംസ്‌റ്റേ ഉടമയെയും കൂട്ടബലാൽസംഗം ചെയ്‌ത സംഭവത്തിൽ ഒരാൾകൂടി അറസ്‌റ്റിൽ. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ എണ്ണം മൂന്നായി. കർണാടക ഗംഗാവതി സ്വദേശികളായ ചേതൻ സായ്, സായ് മല്ലു എന്നിവരെ നേരത്തെ അറസ്‌റ്റ് ചെയ്‌തിരുന്നു.
കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്‌ച രാത്രിയായിരുന്നു സംഭവം. സ്‌ത്രീകളോടൊപ്പം ഉണ്ടായിരുന്ന മൂന്ന് പുരുഷൻമാരെ തൊട്ടടുത്തുള്ള കനാലിലേക്ക് തള്ളിയിട്ട ശേഷം പ്രതികൾ സ്‌ത്രീകളെ ലക്ഷ്യംവെക്കുകയായിരുന്നു. ഇതിൽ ഒഡീഷ സ്വദേശിയായ ബിബാഷ് കനാലിൽ മുങ്ങിമരിച്ചു. സഞ്ചാരികളുടെ സംഘത്തിലുണ്ടായിരുന്ന യുഎസ് പൗരൻ ഡാനിയേൽ, മഹാരാഷ്‌ട്ര സ്വദേശി പങ്കജ് എന്നിവർ നീന്തി രക്ഷപ്പെട്ടു.
മുങ്ങിമരിച്ച ബിബാഷിന്റെ മൃതദേഹം വെള്ളിയാഴ്‌ച രാവിലെയാണ് കനാലിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്‌ച രാത്രി വൈകി അത്താഴം കഴിച്ച ശേഷം താനും നാല് അതിഥികളും തുംഗഭദ്രയിലെ കനാൽ തീരത്ത് ആകാശ നിരീക്ഷണത്തിനായി പോയതായിരുന്നുവെന്ന് 29 വയസുള്ള ഹോംസ്‌റ്റേ ഉടമ പരാതിയിൽ പറയുന്നു. മൂന്ന് പ്രതികൾ ബൈക്കിലെത്തി ആദ്യം പെട്രോൾ എവിടെ കിട്ടുമെന്ന് ചോദിച്ചു.
തുടർന്ന്, ഇസ്രയേലി സ്‌ത്രീയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചത് തർക്കത്തിലേക്ക് നയിച്ചു. പിന്നാലെ പ്രതികൾ ആക്രമിക്കുകയും ബലാൽസംഗം ചെയ്‌തുവെന്നുമാണ് പരാതി. കുറ്റകൃത്യത്തിന് ശേഷം ഇവർ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. പരാതിയുടെ അടിസ്‌ഥാനത്തിൽ ബലാൽസംഗം, മോഷണം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസ് അന്വേഷണത്തിനായി രണ്ട് പ്രത്യേക സംഘങ്ങളെ കർണാടക പോലീസ് നിയോഗിച്ചിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ സംസ്‌ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷാ സന്നാഹം ശക്‌തമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ആഭ്യന്തരമന്ത്രി ജി പരമേശ്വരയും ഉറപ്പ് നൽകി. ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടിയ ഹംപി ഉൾപ്പടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലെ നിലവിലെ സുരക്ഷാ വീഴ്‌ചകൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുമെന്ന് മന്ത്രി പരമേശ്വര വ്യക്‌തമാക്കി.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി







































