തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാർക്ക് തൊഴിലുടമകൾ ഇരിപ്പിടം ഉറപ്പാക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി. കടകളിലും മറ്റു തുറസായ സ്‌ഥാപനങ്ങളിലും സെക്യൂരിറ്റിയായി ജോലി ചെയ്യുന്നവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും മന്ത്രി നിർദ്ദേശം നൽകി.
സംസ്‌ഥാനത്തെ പ്രതികൂല കാലാവസ്‌ഥ പ്രതിരോധിക്കുന്നതിന് ആവശ്യമായ കുട, കുടിവെള്ളം പോലുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും തൊഴിൽ വകുപ്പ് സർക്കുലറിൽ നിർദ്ദേശങ്ങൾ തൊഴിലുടമകൾ പാലിക്കുന്നുണ്ടെന്ന് ഉദ്യോഗസ്‌ഥർ ഉറപ്പുവരുത്തണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
ദേശീയ- സംസ്‌ഥാന പാതകളോട് ചേർന്ന് പ്രവർത്തിക്കുന്ന ഹോട്ടലുകൾ, റസ്‌റ്റോറന്റുകൾ തുടങ്ങിയ ഇടങ്ങളിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർ പല അവസരങ്ങളിലും തങ്ങളുടെ സ്‌ഥാപനങ്ങളിലേക്ക് കസ്‌റ്റമേഴ്‌സിനെ എത്തിക്കുന്നതിനായി മണിക്കൂറുകളോളം വെയിലത്ത് നിന്ന് ജോലി ചെയ്യുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇരിപ്പിടം അടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് തൊഴിൽവകുപ്പ് സർക്കുലർ ഇറക്കിയത്.
ദുഷ്‌കരമായ കാലാവസ്‌ഥയിലും ജോലി ചെയ്യുന്ന ജീവനക്കാർക്ക് സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഡേ/ നൈറ്റ് റിഫ്‌ളക്റ്റീവ് കോട്ടുകൾ, തൊപ്പി, കുടകൾ, കുടിവെള്ളം, സുരക്ഷാ കണ്ണടകൾ എന്നിവ തൊഴിലുടമകൾ നൽകണം. തൊഴിലുടമകൾ ഈ നിർദ്ദേശം പാലിക്കുന്നുണ്ടെന്ന് ജില്ലാ ലേബർ ഓഫീസർമാർ ഉറപ്പുവരുത്തണം. ഇതിനായി സെക്യൂരിറ്റി മേഖല കേന്ദ്രീകരിച്ചു സ്‌ക്വാഡുകൾ രൂപീകരിച്ചു പരിശോധനകൾ നടത്തണമെന്നും മന്ത്രി അറിയിച്ചു.
Most Read| കാനഡയെ നയിക്കാൻ ഇനി മാർക്ക് കാർനി; ട്രൂഡോയുടെ പിൻഗാമി, ട്രംപിന് എതിരാളി








































