കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്‌റ്റിലായ യൂണിയൻ ജനറൽ സെക്രട്ടറി ആർ അഭിരാജിനെ എസ്എഫ്ഐ പുറത്താക്കി. ഇന്ന് ചേർന്ന കോളേജ് യൂണിറ്റ് സമ്മേളനത്തിലാണ് നടപടി.
അഭിരാജിനെ പുറത്താക്കിയെന്നും ഇപ്പോൾ എസ്എഫ്ഐയുമായി യാതൊരു ബന്ധവുമില്ലെന്നും സംഘടനയുടെ സംസ്‌ഥാന സെക്രട്ടറി പിഎസ് സഞ്‌ജീവ് വ്യക്‌തമാക്കി. കേസിൽ അറസ്‌റ്റിലായ മൂന്നുപേരും കെഎസ്‌യുക്കാരാണെന്നും സഞ്‌ജീവ് ആരോപിച്ചു. ഹോസ്‌റ്റലിൽ നടത്തിയ റെയ്‌ഡിൽ അഭിരാജിന്റെയും മറ്റൊരു വിദ്യാർഥിയായ ആദിത്യന്റെയും മുറിയിൽ നിന്ന് 9.70 ഗ്രാം കഞ്ചാവാണ് പിടികൂടിയത്.
ഇതിന് പുറമെ കഞ്ചാവ് വലിക്കാനുപയോഗിക്കുന സാധനങ്ങളും മദ്യക്കുപ്പികളുമെല്ലാം മുറിയിൽ ഉണ്ടായിരുന്നു. എന്നാൽ, അളവിൽ കുറഞ്ഞ കഞ്ചാവാണ് പിടിച്ചത് എന്നതിനാൽ ഇരുവർക്കും ഉടൻ തന്നെ ജാമ്യം ലഭിച്ചിരുന്നു. പുറത്തിറങ്ങിയ അഭിരാജ്, തന്നെ കേസിൽ കുടുക്കുകയായിരുന്നു എന്ന് അഭിപ്രായപ്പെട്ടിരുന്നു.
റെയ്‌ഡ് നടക്കുന്ന വിവരമറിഞ്ഞാണ് ക്യാമ്പസിലായിരുന്ന താൻ ഹോസ്‌റ്റലിൽ എത്തിയതെന്നും തുടർന്ന് പോലീസ് തന്നെ പ്രതിയാക്കുകയായിരുന്നു എന്നുമായിരുന്നു അഭിരാജിന്റെ വാദം. അഭിരാജ് നിരപരാധിയാണെന്ന് എസ്എഫ്ഐ ഏരിയാ പ്രസിഡണ്ട് എംഎസ് ദേവരാജും അവകാശപ്പെട്ടിരുന്നു. എന്നാൽ, ഇതിൽ നിന്ന് വ്യത്യസ്‌തമായ നിലപാടാണ് എസ്എഫ്ഐ സംസ്‌ഥാന നേതൃത്വം തുടക്കം മുതൽ സ്വീകരിച്ചത്.
അഭിരാജിന്റെ ഭാഗത്ത് നിന്ന് ജാഗ്രതക്കുറവുണ്ടായി എന്ന് സംസ്‌ഥാന സെക്രട്ടറി തന്നെ വ്യക്‌തമാക്കുകയും ചെയ്‌തു. പിന്നാലെയാണ് ഇന്നലെ ചേർന്ന യൂണിറ്റ് സമ്മേളനത്തിൽ അഭിരാജിനെ പുറത്താക്കാൻ തീരുമാനിച്ചത്. എന്നാൽ, എല്ലാവരും ചേർന്ന് എസ്എഫ്ഐയെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്ന് സഞ്‌ജീവ് ആരോപിച്ചു.
രണ്ടുകിലോ കഞ്ചാവുമായി പിടിയിലായ ആകാശും ഇവർക്ക് കഞ്ചാവ് എത്തിച്ചു നൽകിയ ആഷിഖും ഷാലിഖും കെഎസ്‌യുക്കാരായിട്ടും ഇക്കാര്യം എല്ലാവരും ചേർന്ന് മറച്ചുവെക്കുകയാണെന്നും സഞ്‌ജീവ് കുറ്റപ്പെടുത്തി. ഷാലിഖ് പോളിടെക്‌നിക്കിൽ കെഎസ്‌യുവിന്റെ യൂണിറ്റ് സെക്രട്ടറിയായിരുന്നു. മെമ്പർഷിപ്പ് വിതരണം നടത്തുന്ന ചിത്രം പുറത്തുവന്നിട്ടും ഇക്കാര്യം പുറത്തു വരാതിരിക്കാൻ ശ്രമിക്കുകയാണെന്നും സഞ്‌ജീവ് ആരോപിച്ചു.
അതിനിടെ, പിടിച്ചെടുത്ത കഞ്ചാവിനായി പണം മുടക്കിയത് മറ്റൊരു വിദ്യാർഥിയാണെന്ന മൊഴിയുടെ അടിസ്‌ഥാനത്തിൽ ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്. കൊല്ലം സ്വദേശിയായ ഇയാൾക്ക് വേണ്ടിയാണ് കഞ്ചാവ് നൽകിയത് എന്നാണ് ആഷിഖും ഷാലിഖും നൽകിയ മൊഴി. കേസിൽ ആദ്യം അറസ്‌റ്റിലായ ആകാശിന്റെയൊപ്പം മുറി പങ്കിടുന്ന ആദിൽ, അനന്തു എന്നിവരിൽ നിന്നും പോലീസ് ഇന്ന് മൊഴിയെടുത്തിട്ടുണ്ട്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ