കോഴിക്കോട്: താമരശ്ശേരി ഈങ്ങാപ്പുഴയിൽ ഭാര്യയെ കുത്തിക്കൊന്ന യുവാവ് ആക്രമണ സമയത്ത് ലഹരി ഉപയോഗിച്ചിട്ടില്ലെന്ന് സ്ഥിരീകരണം. കോഴിക്കോട് ബീച്ച് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് കൃത്യം നടത്തുന്ന സമയത്ത് ലഹരിയുടെ സാന്നിധ്യം പ്രതിയിൽ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്.
സ്വബോധത്തോടെയാണ് പ്രതി കുറ്റം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. രാസലഹരിയുടെ സാന്നിധ്യമില്ലെന്ന് തെളിഞ്ഞതോടെ വളരെ ആസൂത്രിതമായി പുതിയ കത്തി വാങ്ങിയാണ് കുറ്റകൃത്യം ചെയ്തതെന്നാണ് അനുമാനം. കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാന്റെ മകൾ ഷിബില (24)യെയാണ് ഭർത്താവ് പുതുപ്പാടി തറോൽമറ്റത്ത് വീട്ടിൽ യാസിർ കുത്തിക്കൊന്നത്. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം.
പിന്നാലെ രാത്രി 12 മണിയോടെയാണ് യാസിർ പിടിയിലായത്. ഷിബിലയുടെ പിതാവ് അബ്ദു റഹ്മാനെയും മാതാവ് ഹസീനയെയും കുത്തിപ്പരിക്കേൽപ്പിച്ച് കാറിൽ രക്ഷപ്പെട്ട യാസിറിനെ മെഡിക്കൽ കോളേജ് പാർക്കിങ്ങിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇയാൾ ലഹരിക്ക് അടിമയാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിൽ എടുത്ത യാസറിനെ താമരശ്ശേരി പോലീസിന് കൈമാറി. തുടർന്നാണ് വൈദ്യപരിശോധനക്ക് വിധേയനാക്കിയത്.
വീട്ടുകാർക്ക് ഇഷ്ടമില്ലാതെ സ്നേഹിച്ച് വിവാഹം കഴിച്ചു ഒരുമിച്ച് കഴിയുകയായിരുന്നു ഷിബിലയും യാസിറും. വിവാഹത്തിന് മുൻപേ യാസിർ ലഹരിക്ക് അടിമയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇക്കാര്യം ഷിബിലയുടെ വീട്ടുകാർക്ക് അറിയാമായിരുന്നു. അതിനാലാണ് അവർ ഈ ബന്ധത്തെ എതിർത്തത്. യാസിറിന്റെ നിരന്തരമായ ലഹരി ഉപയോഗവും പീഡനവും മൂലം സഹികെട്ട് ഷിബില ഒരുമാസം മുൻപ് സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയിരുന്നു.
എന്നാൽ, ഫോൺവിളിച്ചും സാമൂഹിക മാദ്ധ്യമങ്ങൾ വഴിയും യാസിർ ഉപദ്രവം തുടർന്നതോടെ ഷിബിലയും വീട്ടുകാരും താമരശ്ശരി പോലീസിൽ ഫിബ്രുവരി 28ന് പരാതി നൽകി. എന്നാൽ, തുടർനടപടി മാധ്യസ്ഥ ചർച്ചയിലൊതുങ്ങി. അടിവാരത്തെ വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന ഷിബിലയുടെയും മകളുടെയും വസ്ത്രങ്ങളും മറ്റും ലഭ്യമാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.
ഇതിലുള്ള വൈരാഗ്യമെന്നോണം യാസിർ ഷിബിലയുടെ വസ്ത്രങ്ങൾ കൂട്ടിയിട്ട് കത്തിച്ചു. ഈ ദൃശ്യങ്ങൾ വാട്സ് ആപ്പിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി 7.10ന് കാറിലാണ് യാസിർ ഷിബിലയുടെ വീട്ടിലെത്തിയത്. തിരിച്ചു പോകാൻ പാകത്തിൽ കാർ നിർത്തിയാണ് വീട്ടിലേക്ക് യാസിർ കയറിയത്. തുടർന്ന് ഭാര്യയുമായി വഴക്കിട്ട് വെട്ടുകയായിരുന്നു. തടയാനെത്തിയ മാതാപിതാക്കളെയും വെട്ടി. ഇവർ ചികിൽസയിലാണ്.
Most Read| ട്രംപിന് തിരിച്ചടി; ട്രാൻസ്ജെൻഡർ സൈനികർക്ക് ഏർപ്പെടുത്തിയ വിലക്ക് മരവിപ്പിച്ച് കോടതി






































