കോഴിക്കോട്: താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരനെ പിടികൂടി എക്‌സൈസ്. അടുത്തിടെയായി താമരശ്ശേരിയിൽ ലഹരി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പോലീസ്, എക്‌സൈസ് സംഘങ്ങൾ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. താമരശ്ശേരി അമ്പായത്തോട് പുല്ലുമാല മിർഷാദ് എന്ന മസ്‌താനെയാണ് അറസ്‌റ്റ് ചെയ്‌തത്.
കോവൂർ ഇരിങ്ങാടൻ പള്ളിക്ക് സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പരാതിയിൽ നിന്ന് 58 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് മിർഷാദ്. ലഹരിക്ക് അടിമപ്പെട്ട് ഉമ്മയെ കൊന്ന ആഷിഖ്, ഭാര്യയെ കൊന്ന യാസിർ എന്നിവരുമായും പ്രതിക്ക് ബന്ധമുണ്ടെന്നാണ് പ്രാഥമിക വിവരം.
താമരശ്ശേരി, കോഴിക്കോട് ഭാഗങ്ങളിൽ രാസലഹരിയുടെ മൊത്തക്കച്ചവടക്കാരനാണ് മസ്‍താൻ എന്നാണ് എക്‌സൈസ് നൽകുന്ന വിവരം. അതിനിടെ, താമരശ്ശേരിയിൽ യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം. അരയേറ്റുംചാലിൽ സ്വദേശി ഫായിസിനെയാണ് പോലീസ് പിടികൂടിയത്. വൈദ്യ പരിശോധനയ്‌ക്കായി പ്രതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
ഫായിസ് വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരാണ് പോലീസിൽ വിവരമറിയിച്ചത്. വീട്ടുകാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബഹളം. പോലീസ് എത്തിയപ്പോൾ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനിടെ ഇയാൾ എംഡിഎംഎ വിഴുങ്ങിയതായാണ് സംശയം. ആദ്യം താമരശ്ശേരി ആശുപത്രിയിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോടേക്ക് കൊണ്ടുപോവുകയായിരുന്നു.
അതിനിടെ, കോഴിക്കോട് ലഹരിക്കടിമയായ മകനെ അമ്മ പോലീസിൽ ഏൽപ്പിച്ചു. എലത്തൂർ ചെട്ടികുളം സ്വദേശി രാഹുലിനെയാണ് അമ്മ മിനി പോലീസിൽ ഏൽപ്പിച്ചത്. പോക്‌സോ കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ രാഹുൽ ഒമ്പത് മാസത്തോളം ജയിലിൽ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു.
ഇതിനിടെയാണ് ഇയാൾ വീട്ടിലെത്തി ബഹളമുണ്ടാക്കിയത്. തുടർന്ന് ഇന്ന് രാവിലെ മിനി പോലീസിനെ വിളിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ രാഹുൽ കഴുത്തിൽ ബ്‌ളേയ്‌ഡ് വെച്ച് ആത്‍മഹത്യാ ഭീഷണി മുഴക്കി. തുടർന്ന് പോലീസ് അനുനയിപ്പിച്ച് ഇയാളെ കസ്‌റ്റഡിയിൽ എടുക്കുകയായിരുന്നു. ലഹരിക്കടത്ത് സംഘവുമായി രാഹുലിന് അടുത്ത ബന്ധം ഉണ്ടെന്നാണ് പോലീസ് പറയുന്നത്.
Most Read| ഐഒസി തലപ്പത്തേക്ക് ആദ്യമായി ഒരു വനിത; ചരിത്രം കുറിച്ച് കിർസ്‌റ്റി കോവൻട്രി