രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകും; ഔദ്യോഗിക പ്രഖ്യാപനം നാളെ

രണ്ടുപതിറ്റാണ്ടിന്റെ രാഷ്‌ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്‌ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്.

By Senior Reporter, Malabar News
rajeev chandrasekhar
രാജീവ് ചന്ദ്രശേഖർ
Ajwa Travels

തിരുവനന്തപുരം: മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കേരളത്തിലെ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകും. ഇന്ന് ചേർന്ന ബിജെപി കോർ കമ്മിറ്റിയിലാണ് രാജീവ് ചന്ദ്രശേഖറിന്റെ പേര് നിർദ്ദേശിച്ചത്. നാളെയായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക. രണ്ടാം മോദി സർക്കാരിൽ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖർ.

രണ്ടുപതിറ്റാണ്ടിന്റെ രാഷ്‌ട്രീയ അനുഭവത്തോടെയാണ് രാജീവ് ചന്ദ്രശേഖർ ബിജെപിയുടെ സംസ്‌ഥാന അധ്യക്ഷനാകുന്നത്. മാറുന്ന കാലത്ത് വികസന രാഷ്‌ട്രീയത്തിന്റെ മുഖമായാണ് ദേശീയ നേതൃത്വം രാജീവിനെ അവതരിപ്പിക്കുന്നത്. ശരാശരി രാഷ്‌ട്രീയക്കാരനൊപ്പം ആരോപണങ്ങൾക്കും വിശദീകരണങ്ങൾക്കും പവർ പോയന്റ് പ്രസന്റേഷനാണ് രാജീവിന്റെ ശൈലി.

കക്ഷി രാഷ്‌ട്രീയത്തിനും മീതെ മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്‌ക്ക് ഒരു കേരള മോഡൽ തേടുകയായിരുന്നു പാർട്ടി ദേശീയ നേതൃത്വം. ആ പരീക്ഷണത്തിന്റെ ആദ്യ വേദിയായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരുവനന്തപുരത്തെ സ്‌ഥാനാർഥിത്വം. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാലും തിരുവനന്തപുരത്ത് അടുത്ത അഞ്ചുവർഷവും താൻ ഉണ്ടാകുമെന്നായിരുന്നു, സ്‌ഥാനാർഥിയായിരുന്നപ്പോൾ രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നത്.

കടുത്ത പോരാട്ടത്തിനൊടുവിൽ ശശി തരൂരിനോട് പരാജയപ്പെട്ടപ്പോൾ പക്ഷേ മൂന്നാം സത്യപ്രതിജ്‌ഞയ്‌ക്ക് തൊട്ടുമുൻപ് ‘ഞാൻ പൊതുപ്രവർത്തനം’ അവസാനിപ്പിക്കുന്നു എന്ന് രാജീവ് ചന്ദ്രശേഖർ സാമൂഹിക മാദ്ധ്യമത്തിൽ പോസ്‌റ്റ് ചെയ്‌തു. അന്ന് പാർട്ടി നിർദ്ദേശത്തിന് വഴങ്ങി പോസ്‌റ്റ് പിൻവലിച്ചത് വെറുതെയായില്ലെന്നാണ് ഇപ്പോൾ ബിജെപി സംസ്‌ഥാന അധ്യക്ഷ സ്‌ഥാനം സൂചിപ്പിക്കുന്നത്.

2006 മുതൽ 2018 വരെയുള്ള കാലയളവിൽ തുടർച്ചയായി രണ്ടുതവണ കർണാടകയിൽ നിന്നുള്ള സ്വതന്ത്ര രാജ്യസഭാംഗമായിരുന്നു. 2007ൽ പ്രതിപക്ഷ എംപിയായിരിക്കെ, 2ജി സ്‌പെക്‌ട്രം അഴിമതിയെക്കുറിച്ച് പാർലമെന്റിൽ ആദ്യം ശബ്‌ദം ഉയർത്തിയത് രാജീവ് ചന്ദ്രശേഖറാണ്. 2016ൽ എൻഡിഎ കേരള ഘടകം വൈസ് ചെയർമാനായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ രാജീവിനെ നിയമിച്ചു.

2018ൽ തുടർച്ചയായി മൂന്നാം തവണയും കർണാടകയിൽ നിന്നുതന്നെ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2021 രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ ഐടി, നൈപുണ്യ വികസന വകുപ്പ് മന്ത്രിയായി. 2024ൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് നിന്ന് മൽസരിച്ചു. ശശി തരൂരിനോട് പരാജയപ്പെട്ടെങ്കിലും കടുത്ത പോരാട്ടം കാഴ്‌ചവെയ്‌ക്കാൻ രാജീവിനായി.

Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE