കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജിന്റെ മെൻസ് ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതി ആകാശിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആകാശ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ, അന്വേഷണ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ ഹോസ്‌റ്റൽ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആകാശിന് പരീക്ഷ എഴുതാൻ ജില്ലാ കോടതി അനുമതി നൽകിയിരുന്നു.
മാർച്ച് 13ന് നടത്തിയ മിന്നൽ പരിശോധനയിൽ ഹോസ്‌റ്റലിൽ നിന്ന് രണ്ടുകിലോ കഞ്ചാവാണ് പോലീസ് പിടികൂടിയത്. നാർക്കോട്ടിക് സെൽ, ഡാൻസാഫ്, തൃക്കാക്കരയിലെയും കളമശേരിയിലെയും പോലീസ് തുടങ്ങിയവരാണ് റെയ്‌ഡ് നടത്തിയത്. കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയിൽ നിന്ന് മാത്രം 1.9 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.
മറ്റൊരു മുറിയിൽ നിന്ന് ഒമ്പത് ഗ്രാം കഞ്ചാവും പിടികൂടി. ആലപ്പുഴ സ്വദേശിയായ ആദിത്യൻ, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയിൽ നിന്നാണ് ഒമ്പത് ഗ്രാം കഞ്ചാവ് പിടികൂടിയത്. മൂവരെയും അറസ്‌റ്റ് ചെയ്‌തെങ്കിലും ആദിത്യനും അഭിരാജും സ്‌റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. പൂർവ വിദ്യാർഥികളും അറസ്‌റ്റിലായിട്ടുണ്ട്.
Most Read| ഏറ്റവും കനംകുറഞ്ഞ നൂഡിൽസ്; ഇതാണ് ഗിന്നസ് റെക്കോർഡ് നേടിയ ആ മനുഷ്യൻ