തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ കള്ളപ്പണ ഇടപാട് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ രാധാകൃഷ്‌ണൻ എംപിക്ക് സാവകാശം അനുവദിച്ച് ഇഡി. ഡെൽഹിയിൽ പാർലമെന്റ് സമ്മേളനം നടക്കുന്നതടക്കം ചൂണ്ടിക്കാട്ടി രാധാകൃഷ്‌ണൻ അസൗകര്യം അറിയിച്ചതിന് പിന്നാലെയാണ് നടപടി.
ഏപ്രിൽ രണ്ടുമുതൽ ആറുവരെ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലും പങ്കെടുത്ത ശേഷമേ ഹാജരാകാൻ കഴിയൂ എന്നായിരുന്നു രാധാകൃഷ്‌ണൻ പറഞ്ഞിരുന്നത്. നേരത്തെ, രണ്ടുതവണയാണ് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി രാധാകൃഷ്‌ണന് നോട്ടീസ് നൽകിയത്. ഏപ്രിൽ ഏഴാം തീയതിക്ക് ശേഷം ഹാജരാകാൻ ആവശ്യപ്പെട്ടാകും ഇഡി വരും ദിവസങ്ങളിൽ രാധാകൃഷ്‌ണന് നോട്ടീസ് നൽകുക.
കേസിൽ അന്തിമ കുറ്റപത്രം നൽകുന്നതിനായാണ് ബാങ്കിൽ തട്ടിപ്പ് നടന്ന കാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറിമാരിൽ ഒരാളായ രാധാകൃഷ്‌ണനെ ഇഡി ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിന് ശേഷം സിബിഐ അന്തിമ കുറ്റപത്രം നൽകുമെന്നാണ് വിവരം.
കരുവന്നൂർ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. ഈ തട്ടിപ്പ് നടന്ന കാലയളവിൽ രാധാകൃഷ്‌ണനായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി. കൃത്യമായ രേഖകളില്ലാതെ പണം തട്ടിയെടുത്തെന്നാണ് കേസ്. ഇതുവരെ കേസിൽ 128.72 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. പോലീസ് രജിസ്‌റ്റർ ചെയ്‌ത 16 കേസുകൾ ഒരുമിച്ചെടുത്താണ് കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം ഇഡി നടപടിയെടുത്തത്.
Most Read| ‘സ്‌ത്രീകളുടെ മാറിടത്തിൽ സ്‌പർശിക്കുന്നത് ബലാൽസംഗമല്ല’; വിധി സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി








































